തിരുവനന്തപുരം : അവധിദിന സായാഹ്നത്തിൽ വസന്തോത്സവ നഗരിയിലേക്കു വൻ ജനപ്രവാഹം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പൂക്കളുടെ മഹാമേള കാണാൻ പതിനായിരങ്ങളാണ് ഇന്നലെ കനകക്കുന്നിലേക്ക് എത്തിയത്. പൂക്കളും ചെടികളും ചേർന്നു മായാപ്രപഞ്ചം സൃഷ്ടിക്കുന്ന പുഷ്പമേളയെ തലസ്ഥാനം നെഞ്ചോടു ചേർത്തുകഴിഞ്ഞെന്നാണ് ഇവിടേയ്‌ക്കൊഴുകുന്ന ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നത്.
മനംമയക്കുന്ന നിറത്തിലും രൂപത്തിലുമുള്ള ഓർക്കിഡുകൾ, ആന്തൂറിയം, ഡാലിയ, ജമന്തി തുടങ്ങി പതിനായിരക്കണക്കിന് ഇനം പൂക്കൾ പൂത്തുലഞ്ഞു നിൽക്കുകയാണ് കനകക്കുന്നിൽ. വർഷത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ മനോഹര കാഴ്ചയെ അക്ഷരാർഥത്തിൽ ഉത്സവമാക്കി മാറ്റുകയാണ് തലസ്ഥാന നിവാസികൾ. പൂക്കൾ കണ്ട്, ചെടികളും വിത്തുകളും വാങ്ങി തനി നാടൻ രുചിവിരുന്ന് ആസ്വദിച്ച് അവർ ഇന്നലത്തെ സായാഹ്നം അടിപൊളിയാക്കി.
കനകക്കുന്നിന്റെ മനംനിറച്ച് ഭക്ഷ്യമേള
പൂക്കാലം കാണാനെത്തിയവരെല്ലാം നാടൻ രുചിയുടെ രസം നുകർന്നാണു മടങ്ങിയത്. സൂര്യകാന്തിയിൽ നടക്കുന്ന ഭക്ഷ്യമേളയിൽ ഇന്നലെ രാവിലെ മുതൽ വലിയ തിരക്കായിരുന്നു. കഫെ കുടുംബശ്രീയുടേയും കെ.റ്റി.ഡി.സിയുടേയും സ്റ്റാളുകൾക്കായിരുന്നു പ്രിയമേറെ.
പാലക്കാടിന്റെ രാമശേരി ഇഡ്‌ലി രുചി ഒട്ടും ചോരാതെ കനകക്കുന്നിലെത്തിച്ചാണുകെ.റ്റി.ഡി.സി ഭക്ഷ്യമേളയിലെ നിറസാന്നിധ്യമായത്. സ്വാദിഷ്ടമായ രാമശേരി ഇഡ്‌ലി സെറ്റിന് 90 രൂപയാണ് വില. വെങ്കായ – തക്കാളി ഊത്തപ്പം, മസാലദോശ, പ്ലെയിൻ ദോശ എന്നിവയും കെ.ടി.ഡി.സിയുടെ സ്റ്റാളിലുണ്ട്. പ്രശസ്തമായ കുംഭകോണം കോഫിയും ഇവിടെ കിട്ടും.
മൂന്നു കുടുംബശ്രീ യൂണിറ്റുകളാണ് കഫെ കുടുംബശ്രീ സ്റ്റാളിന്റെ നടത്തിപ്പുകാർ. മലപ്പുറം ന്യൂ സ്റ്റാർ കുടുംബശ്രീ യൂണിറ്റിന്റെ സ്റ്റാളിലെ പ്രധാന താരം സ്റ്റഫ്ഡ് ചിക്കനാണ്. കൊത്തമല്ലിയും വറ്റൽമുളകുമൊക്കെ ചേരുവയാകുന്ന സ്റ്റഫ്ഡ് ചിക്കന് ആവശ്യക്കാർ നിരവധി. ചിക്കൻ കുരുമുളക്, കപ്പയും മീൻകറിയും, മലബാറിന്റെ തനത് പലഹാരങ്ങളായ ഉന്നക്കായ, പഴംനിറച്ചത്, ചട്ടിപ്പത്തിരി എന്നിവയും ഇവരുടെ സ്റ്റാളിലുണ്ട്.
വെളുത്തുള്ളി ചിക്കൻകറി, ചിക്കൻ തവയിൽ പൊള്ളിച്ചത്, ചിക്കൻ ചുക്ക എന്നിവയാണ് കാസർഗോഡുനിന്നുള്ള ശ്രീലക്ഷ്മി കാറ്റേഴ്‌സ് കുടുംബശ്രീ യൂണിറ്റിന്റെ പ്രധാന ഇനങ്ങൾ. ഇവരുടെ പാൽറൊട്ടിയും ശ്രദ്ധനേടിക്കഴിഞ്ഞു. പയറും പപ്പടവും അച്ചാറും ചേർത്തുള്ള കഞ്ഞിയും ഈ സ്റ്റാളിൽ കിട്ടും.
തിരുവനന്തപുരം സാംജീസിന്റെ ദോശ മേളയും കഫെ കുടുംബശ്രീ സ്റ്റാളിന്റെ ആകർഷണമാണ്. മുട്ട ദോശ, മസാലദോശ, കുട്ടിദോശ, കാരറ്റ് ദോശ, സവാള ദോശ എന്നിങ്ങനെ നീളുന്നു ചൂടുള്ള ദോശ ഇനങ്ങൾ.
തേനീച്ചയും തേൻകൂടും തേനും
ടുറിസം വകുപ്പിന്റെ നേതൃത്വത്തിൽ കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായി മാറുകയാണ് ഹോർട്ടി കോർപ്പിന്റെ തേൻകൂട്. തേൻകൃഷിയെക്കുറിച്ചും തേനീച്ച പരിപാലനത്തെക്കുറിച്ചുമുള്ള പുത്തൻ അറിവുകൾ സമ്മാനിക്കുന്നതാണു തേൻകൂട്.
വിവിധ ഇനങ്ങളിൽപ്പെട്ട തേനീച്ചകൾ, തേൻകൂടുകൾ, ശാസ്ത്രിയമായ തേനീച്ചപരിപാലനം, തേൻ ശേഖരണം, തേനീച്ച വളർത്തലിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, തേൻ ഉൽപ്പന്നങ്ങൾ തുടങ്ങിയവ നേരിൽ കാണുന്നതിനും അറിയുന്നതിനുമുള്ള അവസരങ്ങളാണ് തേൻകൂട് ഒരുക്കിയിട്ടുള്ളത്.
ഇഞ്ചി, തുളസി, മുരിങ്ങ എന്നിവയുടെ ശുദ്ധമായ സത്ത് ചേർത്ത് തയാറാക്കിയ ഇഞ്ചി തേൻ, തുളസി തേൻ, മുരിങ്ങ തേൻ തുടങ്ങിയ ഔഷധ തേനുകളാണ് സ്റ്റാളിന്റെ മുഖ്യ ആകർഷണം. ഇവകൂടാതെ യൂക്കാലിതേൻ, സൺഫ്‌ളവർ തേൻ, ലിച്ചി തേൻ തുടങ്ങിയ തേനുകളുടെയും പ്രദർശനം ഒരുക്കിയിട്ടുണ്ട്.
തേനീച്ചകളെ അടുത്തുകാണുവാനുള്ള അവസരവും ക്രമീകരിച്ചിട്ടുണ്ട്. ചെറുതേനീച്ച, ഇന്ത്യൻ തേനീച്ച എന്നീ ഇനത്തിലുള്ള തേനീച്ചകളെയാണ് എവിടെ പ്രദർശനത്തിനുവച്ചിരിക്കുന്നത്. സുതാര്യമായി ഉപയോഗിക്കാൻ പാകത്തിലുള്ള ഡാമ്മർ ബീ ഹൈവ് എന്ന തേനീച്ച കൂടാണ് മറ്റൊരു ആകർഷണം. എവിടയും കൊണ്ടുപോകാവുന്ന തരത്തിലാണ് ഇതിന്റെ മാതൃക.
വിവിധയിനം തേനീച്ച കോളനികൾ, തേനീച്ചകളെ വളർത്തുന്നത്തിനായുള്ള അറകൾ എന്നിവയും പ്രദർശനത്തിലുണ്ട്. നാവിൽ കൊതിയൂറുന്ന കാഷ്യു ഹണി, ബാധാം ഹണി തുടങ്ങിയവയും പ്രദർശനത്തിലെ പ്രധാന താരങ്ങളാണ്.
വസന്തോത്സവം 2019 മത്സരഫലങ്ങൾ
കട്ട് ഫ്‌ളവർ മത്സരം
ഒന്നാം സ്ഥാനം – ജോസ് കുട്ടി, വരുവിളാകത്ത് പുത്തൻവീട്, കൊടുങ്ങാനൂർ
രണ്ടാം സ്ഥാനം – ദേവി എസ്. വിനു, ദേവി നിലയം, വട്ടിയൂർക്കാവ്
മൂന്നാം സ്ഥാനം – അനിത, ഹൗസ് നം.51, ഗണപതി ഭവൻ, അമ്പലത്തറ
കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളുടെ ഫലങ്ങൾ
ഷാലോ കണ്ടെയ്‌നർ അലങ്കാരം (അഞ്ചാം ക്ലാസ് വരെ)
ഒന്നാം സ്ഥാനം – ആഷ്‌ലിൻ നേഹ സാർജിൻ, ടി.സി.474(1), അമ്പലനഗർ
രണ്ടാം സ്ഥാനം – ശ്രേയ ജി. ഷാജൻ, സജിന നിവാസ്, പേയാട്
മൂന്നാം സ്ഥാനം – ആരുഷ് എ, അരുണോദയം, മലയിൻകീഴ്
മാസ് അറേഞ്ച്‌മെന്റ് (അഞ്ചാം ക്ലാസ് വരെ)
ഒന്നാം സ്ഥാനം – ആഷ്‌ലിൻ നേഹ സാർജിൻ, ടി.സി.474(1), അമ്പലനഗർ
ഷാലോ കണ്ടെയ്‌നർ അലങ്കാരം (അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ)
ഒന്നാം സ്ഥാനം – സോഹർ കെ. ജോൺ, കൂത്തൂർ ന്യൂ ഹൗസ്, തിരുവല്ലം
രണ്ടാം സ്ഥാനം – കെസിയ അന്ന അനിൽ, ബി.എൻ.ആർ.എ 41, നാലാഞ്ചിറ
മൂന്നാം സ്ഥാനം – രേഷ്മ രമേഷ്, 9എച്ച് ആർടെക്, പേട്ട
മാസ് അറേഞ്ച്‌മെന്റ് (അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ)
ഒന്നാം സ്ഥാനം – ദേവി എസ്. വിനു, ദേവി നിലയം, വട്ടിയൂർക്കാവ്
രണ്ടാം സ്ഥാനം – എസ്. മാലിനി, ഹൗസ് നം. 17, കുമാരപുരം
മൂന്നാം സ്ഥാനം – സോഹർ കെ. ജോൺ, കൂത്തൂർ ന്യൂ ഹൗസ്, തിരുവല്ലം
ഡ്രൈ അറേഞ്ച്‌മെന്റ് (അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ)
ഒന്നാം സ്ഥാനം – സോഹർ കെ. ജോൺ, കൂത്തൂർ ന്യൂ ഹൗസ്, തിരുവല്ലം
രണ്ടാം സ്ഥാനം – സുരാജ് കൃഷ്ണ എസ്.ആർ, സുരാജ് നിവാസ്, ശ്രീകാര്യം
മൂന്നാം സ്ഥാനം – ദേവി എസ്. വിനു, ദേവി നിലയം, വട്ടിയൂർക്കാവ്
മാസ് അറേഞ്ച്‌മെന്റ് (11 മുതൽ 12 വരെ ക്ലാസുകൾ)
ഒന്നാം സ്ഥാനം – ജോൺ അബ്രഹാം ചാണ്ടി, നം. 34, എൻ.എം. ലൈൻ, പട്ടം
ഡ്രൈ അറേഞ്ച്‌മെന്റ് (11 മുതൽ 12 വരെ ക്ലാസുകൾ)
പ്രോത്സാഹന സമ്മാനം – ജീന ജയകുമാർ, ആർ.പി. അപ്പാർട്ട്‌മെന്റ്, വഞ്ചിയൂർ