തിരുവനന്തപുരം : ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ച് ഈ വിഷുക്കാലം തിരക്കുകളുടെ കാലമാണ്. കൊറോണ വൈറസിനെ ശക്തമായി പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകർ ശ്രമിക്കുമ്പോൾ അവർക്ക് മാനസിക പിന്തുണയുമായി സിനിമാ താരങ്ങൾ രംഗത്തെത്തി. ഫഹദ് ഫാസിൽ, ജയറാം, കാളിദാസ്, മഞ്ജു വാര്യർ, ഗായകൻ ജി. വേണുഗോപാൽ എന്നിവരാണ് വിഷു ആശംസകളുമായി വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തിൽ എല്ലാ ജില്ലകളിലുമുള്ള ജില്ല മെഡിക്കൽ ഓഫീസർമാർ, ജില്ല പ്രോഗ്രാം മാനേജർമാർ, വിവിധ കോവിഡ് ആശുപത്രികളിലെ സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള 350 ഓളം ആരോഗ്യ പ്രവർത്തകർ അതത് ആശുപത്രികളിൽ നിന്നും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
ഇത്രയും മാത്രമേ ചെയ്യാൻ കഴിയുന്നുള്ളൂ എന്ന കുറ്റബോധമുണ്ടെന്ന് ഫഹദ് ഫാസിൽ പറഞ്ഞു. ഏത് രീതിയിൽ സഹകരിക്കാനും തയ്യാറാണ്. പറഞ്ഞാൽ തീരാത്ത നന്ദിയാണ് ഓരോ ആരോഗ്യ പ്രവർത്തകരോടുമുള്ളത്. രോഗം ഭേദമായി ആളുകൾ വീടുകളിലേക്ക് പോകുന്നത് വാർത്തകളിലൂടെ കാണുമ്പോൾ കണ്ണ് നിറയാറുണ്ട്. വർഷത്തിൽ 300 ദിവസവും വീട്ടിലിരിക്കാത്ത ആളാണ് ഞാൻ. ഈ ലോക് ഡൗൺ കാലത്ത് എങ്ങനെ സമയം തീർക്കുമെന്ന് കരുതി. എന്നാൽ വീട്ടിലിരുന്നപ്പോൾ കിട്ടുന്ന സന്തോഷവും സമാധാനവും വേറൊന്നുമില്ല. ഇപ്പോൾ സമയം ഒന്നിനും തികയുന്നില്ല. വീട്ടിലിരിക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിനും മറ്റുള്ളവരുടെ ആരോഗ്യത്തിനും നല്ലതെന്നും ഫഹദ് ഫാസിൽ വ്യക്തമാക്കി.
ഓരോ കാലഘട്ടത്തിലും പലതരം രോഗങ്ങൾ ലോകത്ത് പടർന്ന് പിടിക്കുമ്പോഴും അതിൽ രക്ഷകരായെത്തുന്നത് ഇതുപോലുള്ള ആരോഗ്യ പ്രവർത്തകരാണെന്ന് ജയറാം പറഞ്ഞു. ഈ ലോക് ഡൗൺ പിൻവലിച്ചാൽ കാസർഗോഡ് മുതൽ പാറശാല വരെ സഞ്ചരിച്ച് ആരോഗ്യ പ്രവർത്തകരെ നേരിട്ട് കണ്ട് അഭിനന്ദിക്കണമെന്നാണ് ആഗ്രഹമെന്നും ജയറാം പറഞ്ഞു.
ആരോഗ്യ പ്രവർത്തകരോടൊപ്പം കളിയും ചിരിയുമായാണ് മഞ്ജു വാര്യർ എത്തിയത്. ‘ചെമ്പഴുക്ക… ചെമ്പഴുക്ക’ എന്ന ഗാനം ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരോടൊപ്പം നിരവധി ഗാനങ്ങൾ പാടുകയും ചെയ്തു. നിങ്ങൾ കഷ്ടപ്പെടു ന്നതു കൊണ്ടാണ് നമുക്ക് മനസമാധാനത്തോടെ ഇരിക്കാൻ കഴിയുന്നത്. ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്ത കർ വലിയ സേവനമാണ് നൽകുന്നത്. ഇതിന് കേരളം കടപ്പെട്ടിരിക്കുന്നതായും മഞ്ജു വാര്യർ പറഞ്ഞു.
കൊറേണ പ്രതിരോധ പ്രവർത്തനങ്ങളിൽ സാമൂഹ്യ അവബോധമുണ്ടാക്കുന്നതിന് ഗായകൻ ജി. വേണുഗോപാൽ തയ്യാറാക്കിയ ആൽബം മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പിന്റെ പ്രവർത്തന ങ്ങളിൽ എല്ലാ അർത്ഥത്തിലും സഹകരിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്കായി നിരവധി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
എല്ലാം മാറ്റിവച്ച് നാടിന്റെ ന•യെ കരുതി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കായി കുറച്ച് സമയം കണ്ടെത്തിയവർക്ക് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നന്ദി അറിയിച്ചു. ഇഷ്ടതാരങ്ങളോട് നേരിട്ട് സംവദിക്കാൻ കഴിഞ്ഞതിലൂടെ നല്ലൊരു വിഷുക്കണിയാണ് ലഭിച്ചതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൽ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, എസ്. എച്ച്. എസ്.ആർ.സി. എക്സി. ഡയറക്ടർ ഡോ. കെ.എസ്. ഷിനു എന്നിവർ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നും പങ്കെടുത്തു.