ലീഗിലെ ആദ്യ മത്സരങ്ങള്‍ സെപ്തംബര്‍ 24 ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്റോര്‍ സ്റ്റേഡിയത്തില്‍ വച്ചു നടക്കും
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ശേഷം തെന്നിന്ത്യന്‍ സിനിമയിലെ താരങ്ങള്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന കായിക മാമാങ്കമായ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ് പ്രഥമ മത്സരം മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. കടവന്ത്ര റീജനല്‍ സ്പോര്‍ട്സ് സെന്ററില്‍ വച്ച് സെപ്തംബര്‍ 23ന് രാവിലെ ഒന്‍പതിനാണ് ഉദ്ഘാടനം .തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുള്ള നാല് ടീമുകളാണ് ലീഗില്‍ മാറ്റുരയ്ക്കുക. ലീഗിലെ ആദ്യ മത്സരങ്ങള്‍ സപ്തംബര്‍ 24 ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചു നടക്കും.മോളിവുഡില്‍ നിന്ന് അമ്മ കേരള റോയല്‍സ്, കോളിവുഡില്‍ നിന്നു ചെന്നൈ റോക്കേഴ്സ്, സാന്‍ഡല്‍വുഡില്‍ നിന്നു കര്‍ണാടക ആല്‍പ്സ്, ടോളിവുഡില്‍ നിന്നു ടോളിവുഡ് തണ്ടേഴ്സ് എന്നീ ടീമുകളാണു മത്സരത്തില്‍ പങ്കെടുക്കുന്നത്.കൊച്ചിക്കു പുറമെ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ലീഗ് മല്‍സരങ്ങളും നവംബര്‍ 12നു മലേഷ്യയില്‍ ഫൈനലും നടക്കും.ലീഗില്‍ പങ്കെടുക്കുന്ന കേരളാ റോയല്‍സിന് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് ക്യാപ്റ്റന്‍ ജയറാം കൊച്ചിയില്‍ വച്ചു നടന്ന പരിപാടിയില്‍ പറഞ്ഞു. ടീമിന്റെ പരീശീലന സെഷന് അര്‍ഹമായ പരിഗണന നല്‍കി വാര്‍ത്തയാക്കിയ മാധ്യമങ്ങളോട് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.രഞ്ജിത് കരുണാകരനാണ് കേരളാ റോയല്‍സിന്റെ ഉടമ. ജയറാം (ക്യാപ്റ്റന്‍ ), കുഞ്ചാക്കോ ബോബന്‍ (ടീം ഐക്കണ്‍താരം), നരേന്‍ (വൈസ് ക്യാപ്റ്റന്‍ ), പാര്‍വ്വതി നമ്ബ്യാര്‍, രഞ്ജിനി ഹരിദാസ്, റോസിന്‍ ജോളി, ബൈജു, സൈജു കുറുപ്പ്, അര്‍ജുന്‍ നന്ദകുമാര്‍, ശേഖര്‍ മേനോന്‍, റോണി, രാജീവ് പിള്ള തുടങ്ങിയവരാണ് ടീം അംഗങ്ങള്‍. ജോയ് ടി.ആന്റണിയാണു പരിശീലകന്‍. മംമ്ത മോഹന്‍ദാസ് ടീം ബ്രാന്‍ഡ് അംബാസിഡര്‍.