കൊച്ചി : കൊച്ചി എം.ജി. റോഡിലെ സെന്‍റര്‍ സ്ക്വയര്‍ മാളിലെ മള്‍ട്ടിപ്ലക്സ് തീയറ്ററുകള്‍ അടച്ചുപൂട്ടണമെന്ന നിര്‍ദേശം നടപ്പായില്ല. ദിനംപ്രതി പതിനായിരക്കണക്കിന് ആളുകള്‍ എത്തുന്ന മാളിലെ തീയറ്ററുകള്‍ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഉടന്‍ അടച്ചുപൂട്ടണമെന്ന കേരള ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണു കഴിഞ്ഞ ജൂലൈ 18നു റിപ്പോര്‍ട്ട് തയാറാക്കിയത്. രാവിലെ ഒന്പതു മുതല്‍ രാത്രി ഒന്‍പത് വരെയാണ് ഇവിടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. അഗ്നിബാധയണയ്ക്കാനോ ആളുകളെ രക്ഷിക്കാനോ ഇവിടെ സംവിധാനമില്ലെന്നു ഫയര്‍ഫോഴ്സ് വ്യക്തമാക്കിയിരുന്നു. മള്‍ട്ടിപ്ലക്സ് തീയറ്ററുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
തീയറ്ററുകളിലെ സുരക്ഷപാളിച്ചയെ തുടര്‍ന്നാണ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. 2007ല്‍ പാര്‍പ്പിട-വാണിജ്യ സമുച്ചയം എന്ന നിലയിലാണു സെന്‍റര്‍ സ്ക്വയര്‍മാളിന് അപേക്ഷ നല്‍കിയത്. എന്നാല്‍ പിന്നീട് ഫയര്‍ഫോഴ്സിന്‍റെ അനുമതിയില്ലാതെ അസംബ്ലി ബില്‍ഡിങ്ങാക്കി. എന്‍.ഒ.സിയില്ലാതെയാണു കൊച്ചി കോര്‍പ്പറേഷന്‍ സെന്‍റര്‍ സ്ക്വയര്‍ മാളിലെ തീയറ്ററുകള്‍ക്ക് അനുമതി നല്‍കിയത്. മള്‍ട്ടിപ്ലക്സ് തീയറ്ററുകള്‍ക്കു പരമാവധി 30 മീറ്റര്‍ ഉയരമേ പാടുള്ളു. എന്നാല്‍ സെന്‍റര്‍ സ്ക്വയര്‍ മാളിന്‍റെ ആകെ ഉയരം 53.30 മീറ്ററാണ്. 6,7,8 നിലകളിലായാണു തീയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്‍റെ ഉയരക്കൂടുതല്‍ രക്ഷാപ്രവര്‍ത്തനത്തിനു വിലങ്ങുതടിയാകുമെന്നാണു ഫയര്‍ഫോഴ്സ് അധികൃതരുടെ വാദം. കേരളത്തില്‍ 100 മീറ്ററിലേറെ ഉയരമുള്ള കെട്ടിടങ്ങളുടെ നിര്‍മാണം വര്‍ധിക്കുകയാണ്.