കൊച്ചി: കേരളത്തിലെത്തിയ ആദ്യ രണ്ട് വിമാനങ്ങളിലുള്ള പ്രവാസികളെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റി. രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് എട്ടുപേരെ ആശുപത്രിയിലേക്കും മാറ്റി.കൊച്ചി വിമാനത്താവളത്തിലെത്തിയ അഞ്ചുപേരെയും കരിപ്പൂരിലെത്തിയ മൂന്നുപേരെയുമാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്.
കൊച്ചിയിലെത്തിയവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കരിപ്പൂരില്‍ എത്തിയവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റു രണ്ടു പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയത്. അബുദാബിയില്‍നിന്നും 181 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കൊച്ചിയിലെത്തിയത്.
ദുബായില്‍നിന്നും 182 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലെത്തിയത് വ്യാഴാഴ്ച രാത്രി 10.32നാണ്. വിമാനത്തില്‍നിന്നും 20 പേരെ വീതം ഘട്ടം ഘട്ടമായാണ് പുറത്തിറക്കിയത്. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ബോധവത്കരണ ക്ലാസും നടത്തി.