ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം സംഭവങ്ങളെ നിയമപരമായി നേരിടാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് അഹീര്‍ പറഞ്ഞു.
കന്നുകാലി കച്ചവടക്കാര്‍, ബീഫ് കഴിക്കുന്നവര്‍, ക്ഷീര കര്‍ഷകര്‍, മുസ്ലിംകള്‍, ദളിതര്‍ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങളില്‍ കേസെടുത്ത് എഫ്‌ഐആര്‍ കേന്ദ്രത്തിന് അയച്ചു നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി.
ഗോസംരക്ഷണം പറഞ്ഞ് അക്രമം നടത്തുന്നവരോടെ വിട്ടുവീഴ്ച പാടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.