ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഉടന്‍ നടപ്പാക്കണമെന്ന് കേരളത്തിനും തമിഴ്നാടിനും കേന്ദ്രത്തിന്റെ അന്ത്യശാസനം. നടപ്പാക്കിയില്ലെങ്കില്‍ കര്‍ശനനടപടി നേരിടേണ്ടിവരുമെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ മുന്നറിയിപ്പുനല്‍കി. നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ എ.പി.എല്‍. വിഭാഗത്തിനുള്ള അരിക്ക് ഈ സംസ്ഥാനങ്ങള്‍ ഉയര്‍ന്ന വിലനല്‍കേണ്ടിവരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പൊതുവിതരണരംഗത്ത് നടപ്പാക്കേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി കേരളത്തെയും തമിഴ്നാടിനെയും വിമര്‍ശിച്ചത്.കേരളവും തമിഴ്നാടും മാത്രമാണ് ദേശീയ ഭക്ഷ്യസുരക്ഷാചട്ടം നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍. 27 സംസ്ഥാനങ്ങളും ഏഴു കേന്ദ്രഭരണപ്രദേശങ്ങളും നടപ്പാക്കിക്കഴിഞ്ഞു.
അടുത്ത നവംബര്‍ മുതല്‍ നടപ്പാക്കുമെന്നാണ് നേരത്തേ കേരളം അറിയിച്ചിരുന്നതെന്നും എന്നാല്‍, ഡിസംബറില്‍ തുടങ്ങുമെന്ന് ഇപ്പോള്‍ തീരുമാനം മാറ്റിയിരിക്കുകയാണെന്നും പസ്വാന്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാനസൗകര്യങ്ങളില്ലെന്നാണ് കേരളം കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വികസിതസംസ്ഥാനമായ കേരളം ഇത്തരം നിലപാട് എടുക്കുന്നതെന്തുകൊണ്ടാണെന്ന് പസ്വാന്‍ ചോദിച്ചു. പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ കടുത്തനടപടിയെടുക്കും. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള വിഭാഗങ്ങള്‍ക്കുള്ള അരി ഉയര്‍ന്നവിലയ്ക്ക് നല്കുകയോ, അല്ലെങ്കില്‍ ഈ വിഭാഗങ്ങള്‍ക്കുള്ള അരിവിതരണം അവസാനിപ്പിക്കുകയോ ചെയ്യും. കമ്ബോളവിലയ്ക്ക് അരിവാങ്ങി ഈ സംസ്ഥാനങ്ങള്‍ എ.പി.എല്‍. വിഭാഗങ്ങള്‍ക്ക് നല്‍കട്ടെയെന്ന് പസ്വാന്‍ പറഞ്ഞു. നയം നടപ്പാക്കിയ 27 സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ഗുണഭോക്താക്കളുടെ പട്ടികയിലെ അപാകം പരിഹരിക്കാന്‍ പസ്വാന്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ യു.പി.എ. സര്‍ക്കാര്‍ 2013-ലാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയത്. എന്നാല്‍, കമ്ബ്യൂട്ടര്‍വത്കരണത്തിലെ കാലതാമസം, ഗുണഭോക്താക്കളുടെ പട്ടികതയ്യാറാക്കലിലെ അപാകങ്ങള്‍, അരിവിഹിതത്തില്‍ കുറവുവരുമെന്ന വാദം തുടങ്ങിയവ ഉന്നയിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനുള്ള കാലാവധി പലവട്ടം നീട്ടുകയായിരുന്നു. എല്‍.ഡി.എഫ്. സര്‍ക്കാറും നടപടിയെടുക്കാത്തതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്. അതേസമയം ഭക്ഷ്യസുരക്ഷാ നിയമം ആറുമാസത്തിനുള്ളില്‍ കേരളം നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഭക്ഷ്യസെക്രട്ടറി മിനി ആന്റണി ‘മാതൃഭൂമി’യോട് പറഞ്ഞു. സംസ്ഥാന മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെന്ന് ഡല്‍ഹിയിലെ യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ രണ്ടുദിവസമായി നടക്കുന്നത് സെമിനാറാണ്, വിലയിരുത്തലല്ലെന്നും മിനി ആന്റണി വ്യക്തമാക്കി.