വിജയവാഡ• രാജ്യത്തെ മുസ്ലിം ഭൂരിപക്ഷ മേഖലകളുടെ ക്ഷേമത്തിനായി ‘പ്രോഗ്രസ് പഞ്ചായത്ത്’ പദ്ധതിയുമായി കേന്ദ്രം രാഷ്ട്രീയ മുഖം മിനുക്കലിന്. കോഴിക്കോട്ട് ബിജെപി ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലിം അനുഭാവ പ്രസ്താവനകളുടെ തുടര്‍ച്ചയെന്നവണ്ണമാണ് വേറിട്ട പദ്ധതി. പ്രോഗ്രസ് പഞ്ചായത്തിലെ ആദ്യത്തേത്,ഈയിടെ ബീഫ് വിവാദം കത്തിനിന്ന ഹരിയാനയിലെ മേവഡില്‍ ഇന്നു നടത്തും.
മുസ്ലിം സമുദായത്തെ വോട്ട് ബാങ്കായി കാണാതെയുള്ള പദ്ധതിയെന്നു ബിജെപി വിശേഷിപ്പിക്കുന്ന പദ്ധതിയുടെ മേല്‍നോട്ട ചുമതല കേന്ദ്രമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്വിക്കാണ്. സ്കൂളുകള്‍, ആശുപത്രികള്‍, പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലുകള്‍ തുടങ്ങിയവ ആവശ്യമുള്ള പഞ്ചായത്തുകളില്‍ അതു സ്ഥാപിച്ചു നല്‍കുന്നതുള്‍പ്പെടെ ക്ഷേമപ്രവര്‍ത്തനങ്ങളാണു നടത്തുകയെന്ന് നഖ്വി പറഞ്ഞു.