ന്യൂഡല്‍ഹി: മുത്തലാഖിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയെ പോലൊരു മതേതര രാജ്യത്ത് മുത്തലാഖിന് സ്ഥാനമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.പുരുഷന് ഭാര്യയെ വാക്കാല്‍ വിവാഹമോചനം നടത്താന്‍ അനുവദിക്കുന്ന മുസ്ലിം വ്യക്തി നിയമമാണ് മുത്തലാഖ്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മുസ്ലിംകള്‍ക്ക് ശരീഅത്ത് നിയമം പിന്തുടാരാന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്.മുത്തലാഖ് വിഷയത്തില്‍ ഇടപെടുന്നത് മുസ്ലിംകളുടെ അടിസ്ഥാന അവകാശത്തിന്റെ ലംഘനമാകുമോ എന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ലിംഗസമത്വത്തിലും സ്ത്രീയുടെ അന്തസിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു.
മുസ്ലിം വ്യക്തി നിയമം സ്ത്രീവിരുദ്ധമാണെന്ന് കാണിച്ച് വനിതാ അവകാശ പ്രവര്‍ത്തകര്‍ ഏറെക്കാലമായി മുത്തലാഖിനെതിരെ പോരാട്ടം നടത്തുന്നു. ബഹുഭാര്യത്വം, ഏകപക്ഷീയമായ വിവാഹമോചനം, ശൈശവ വിവാഹം എന്നിവ കുറ്റകരമാക്കി വ്യക്തമായ നിയമം കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.