കോഴിക്കോട്: കേരളത്തില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണസമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സപ്തംബറിലെ ശമ്ബളം ഓണത്തിനു തലേദിവസം നല്‍കാന്‍ കേന്ദ്ര ധനകാര്യമന്ത്രാലയം ഉത്തരവിറക്കി. ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഓണക്കാലത്ത് കേരളത്തില്‍ നേരത്തെ ശമ്പളം നല്‍കുന്നത്. ജോയിന്റ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സിന്റെ ഉത്തരവ് കഴിഞ്ഞദിവസം വിവിധ വകുപ്പുകള്‍ക്ക് ലഭിച്ചു.സൈനികര്‍, തപാല്‍-ടെലി കമ്യൂണിക്കേഷന്‍ എന്നീ വകുപ്പുകളില്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും സെപ്തംബര്‍ 13-ന് അക്കൗണ്ടില്‍ പണം വരും.ശമ്ബളം, പെന്‍ഷന്‍, മറ്റ് വേതനങ്ങള്‍ക്കെല്ലാം ഇത് ബാധകമാണ്.സപ്തംബര്‍ മാസത്തില്‍ കിഴിവുകളും മറ്റ് ക്രമീകരണങ്ങളുമുണ്ടെങ്കില്‍ അത് അടുത്ത മാസത്തെ ശമ്ബളത്തില്‍നിന്ന് പിടിച്ചാല്‍ മതിയെന്നും വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഇക്കാര്യം അതാത് ഓഫീസുകളെ എത്രയും വേഗം അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.