ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനവിധിയെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നടത്തിയ പരിപാടിയാണിതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.ഇന്ത്യയെ മോശമാക്കാന്‍ കോണ്‍ഗ്രസ് സ്പോണ്സര് ചെയ്ത പരിപാടിയായിരുന്നോ? ഈ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ എന്താണ് ചെയ്തത്. താന്‍ പറയാം, അദ്ദേഹം ഈ പരിപാടി മുഴുവന്‍ പുറത്തുനിന്നും നിയന്ത്രിക്കുകയായിരുന്നു. ആരോപണങ്ങളുടെ നിജസ്ഥിതി തങ്ങള്‍ വെളിപ്പെടുത്തുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
2014ലെ ഇന്ത്യയുടെ ജനവിധിയെ കോണ്‍ഗ്രസ് അപമാനിച്ചിരിക്കുകയാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നുള്ള തോന്നല്‍ ഉള്ളതുകൊണ്ട് ഇത്തരം പരിപാടികള്‍ കോണ്‍ഗ്രസ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ സംഘാടകനായ ആഷിഷ് റേ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ യാത്ര സ്പോണ്സര് ചെയ്തത് ഇയാളാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
കോണ്‍ഗ്രസിന്റെ നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ ആഷിഷ് സ്ഥിരമായി എഴുതിയിരുന്നെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.2014 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീടു പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നതായി സൈബര്‍ വിദഗ്ധന്‍ അമേരിക്കയില്‍ കഴിയുന്ന സയ്ദ് ഷൂജയാണ് വെളിപ്പെടുത്തിയത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര(ഇവിഎം)ങ്ങള് ബിജെപിക്ക് അനുകൂലമായി അട്ടിമറിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ സഹായിച്ചെന്നും ഷൂജ ആരോപിച്ചു.
മുംബൈയില്‍നിന്നുള്ള ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടേയ്ക്ക് ഈ അട്ടിമറി അറിയാമായിരുന്നെന്നും ഒരു വാഹനാപകടത്തില്‍ അദ്ദേഹത്തെ വധിക്കുകയായിരുന്നെന്നും ഷൂജ പറയുന്നു. ഈ അപകടം അന്വേഷിച്ച ഓഫീസറും കൊല്ലപ്പെട്ടു.ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്സ് അസോസിയേഷന് (യൂറോപ്പ്) ആണു പത്രസമ്മേളനം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പത്രസമ്മേളനം വീക്ഷിക്കാന്‍ എത്തിയിരുന്നു. ഇസിഐഎലും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമാണ്(ബിഇഎല്‍) ഇവിഎമ്മുകള്‍ നിര്‍മിക്കുന്നത്. ഇവിഎം ഡിസൈന്‍ ചെയ്യുന്നതില്‍ താന്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഷൂജ അവകാശപ്പെടുന്നു.