കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വിളിച്ച് ചേർത്ത പദ്ധതി അവലോകന യോഗത്തിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന വൈവിദ്ധ്യവും സമഗ്രവുമായ പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ളതെന്നും കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ കേരളം 567.14 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്നും കൃഷി വകുപ്പ് മന്ത്രി പറഞ്ഞു.
കേന്ദ്ര മാർഗനിർദ്ദേശങ്ങൾ പ്രകാരം ക്രെഡിറ്റ് ലിങ്ക്ഡ് പദ്ധതികൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് പ്രകാരം ഒന്നര ലക്ഷം രൂപ വരെയുള്ള വായ്പകൾക്കും കർഷകർ ബാങ്കുകൾക്ക് ഈട് നൽകേണ്ട ആവശ്യമില്ല എന്നത് കർശനമായി നടപ്പിലാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഫാർമർ പ്രൊഡ്യുസർ കമ്പനികൾ രൂപീകരിക്കുമ്പോൾ ക്രെഡിറ്റ് ഗ്യാരന്റി കവറേജ് ലഭ്യമാക്കണമെന്നും പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് നബാർഡ് ഒരു ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നത് എഫ്.പി.ഒകൾക്കും നൽകണമെന്നും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തി. പ്രാഥമിക കാർഷികോല്പന്ന സംസ്‌കരണ യൂണിറ്റുകൾക്കുള്ള വായ്പ പലിശ ഇളവ് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന യൂണിറ്റുകൾക്ക് ലഭ്യമാക്കണമെന്ന നിർദ്ദേശവും മുമ്പോട്ടുവച്ചു.
എണ്ണക്കുരു ഉത്പാദന പദ്ധതി കേരളത്തിൽ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കണം. എണ്ണപ്പന നടീൽ വസ്തുക്കളുടെ ഒരു ഉല്പാദന യൂണിറ്റ് കൂടി അനുവദിക്കണം. കാർഷിക ഉൽപ്പന്നങ്ങളുടെ ഗുണ നിലവാര പരിശോധന ലാബ് സ്ഥാപിക്കുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന കയറ്റുമതി സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിക്കണം, മറ്റു രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന കുരുമുളക് പോലുള്ള കാർഷിക ഉൽപ്പന്നങ്ങൾ വിവിധ മൂല്യ വർദ്ധിത ഉൽപന്നങ്ങളായും മറ്റും കയറ്റുമതി ചെയ്തു പോകുന്നത് കേരളത്തിലെ തനത് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിന് ഭീഷണിയാണെന്നതിനാൽ ഇതിന് നിയന്ത്രണം ഏർപ്പെടുത്തണം.
കേരളത്തിന്റെ തനത് ഉല്പന്നങ്ങളായ ഗന്ധകശാല അരി, വാഴക്കുളം പൈനാപ്പിൾ, നേന്ത്രപ്പഴം എന്നിവ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രസഹായം ലഭ്യമാക്കണം, കയറ്റുമതി മേഖലയിൽ കാർഗോ സർവീസിൽ കേന്ദ്രം നടപ്പിലാക്കിയ ‘ഓപ്പൺ സ്‌കൈ പോളിസി’ നിയന്ത്രണം പുനഃപരിശോധിക്കണം, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി സർവീസ് പട്ടികയിൽ ഉൾപ്പെടുത്തണം തുടങ്ങിയവയാണ് കേരളത്തിന്റെ മറ്റ് ആവശ്യങ്ങൾ.