തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ സഞ്ജു വി. സാംസണ് സെഞ്ചുറി. തുടക്കം പതറിയ കേരളം സഞ്ജുവിന്റെ കരുത്തില്‍ ഭേദപ്പെട്ട സ്കോറില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോൾ കേരളം അഞ്ച് വിക്കറ്റിന് 192 റണ്‍സ് എന്ന നിലയിലാണ്.
ഇന്ത്യ- വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്ബരയ്ക്കുശേഷം കേരള ടീമില്‍ തിരിച്ചെത്തിയ സഞ്ജു തുടക്കത്തില്‍ കരുതലോടെയാണ് കളിച്ചത്. എന്നാല്‍ ചായക്കു ശേഷം ഗിയര്‍മാറ്റിയ സഞ്ജു 14 ബൗണ്ടറികളാണ് പറത്തിയത്. സഞ്ജു ഒരുവശത്ത് അടിച്ച് മുന്നേറിയപ്പോള്‍ ഉത്തപ്പ ക്രീസില്‍ മികച്ച പിന്തുണ നല്കി. എന്നാല്‍ അര്‍ധ സെഞ്ചുറി തികച്ചതോടെ ഉത്തപ്പ വീണു.
സഞ്ജുവിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ മുന്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പ (50) അര്‍ധ സെഞ്ചുറി നേടി പുറത്തായി. സെഞ്ചുറി യാത്രക്കിടയില്‍ സഞ്ജു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 3000 റണ്‍സ് നേട്ടത്തിലെത്തുകയും ചെയ്തു. ഈ നേട്ടത്തില്‍ എത്തുന്ന ആറാമത്തെ കേരള ബാറ്റ്സ്മാനാണ് സഞ്ജു. തുമ്ബ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ ടോസ് നേടി ആദ്യ ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.
50 റണ്‍സ് എടുക്കുന്നതിനിടെ കേരളത്തിന്റെ മുന്‍നിര ബാറ്റ്സ്മാന്മാര് മൂന്നു പേര് ക്രീസില്‍നിന്നും മടങ്ങി. പി. രാഹുല്‍ (5), ജലജ് സക്സേന (9), ക്യാപ്റ്റന്‍ സച്ചിന് ബേബി (10) എന്നിവരാണ് പുറത്തായത്. പിന്നീടാണ് സഞ്ജുവും ഉത്തപ്പയും ക്രീസില്‍ ഒത്തുചേര്‍ന്നത്.
തൊട്ടുപിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ വിഷ്ണു വിനോദും (0) പുറത്തായതോടെ കേരളം വീണ്ടും പതറി. സഞ്ജുവിനൊപ്പം ക്രീസില്‍ സല്മാന് നിസാറാണുള്ളത്. ബംഗാളിനായി ഇഷാന് പൊരേല്, അശോക് ഡിന്‍ഡ, മുകേഷ് കുമാര്‍, അര്‍ണബ് നന്ദി എന്നിവരാണ് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് സമനില വഴങ്ങിയെങ്കിലും കേരളത്തിന് ആദ്യ ഇന്നിംഗ്സ് ലീഡിന്റെ ബലത്തില്‍ മൂന്ന് പോയിന്റ് ലഭിച്ചിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം.