ചണ്ഡീഗഢ്: മരണം ശേഷം ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക കൊണ്ട് തന്റെ കുടുംബം കടക്കെണിയില്‍ നിന്നും രക്ഷപ്പെടും എന്ന ചിന്തിച്ച വ്യക്തി സ്വന്തം മരണത്തെ വില കൊടുത്ത് വാങ്ങി. കേട്ടാല്‍ സിനിമയുടെ തിരക്കഥയാണെന്ന് തോന്നുമെങ്കിലും ഹരിയാനയിലെ സോനിപാത് സ്വദേശിയായ 55 കാരന്‍ ജീവിതത്തില്‍ ചെയ്ത കാര്യമാണിത്.പലചരക്ക് വ്യാപാരിയായ സത്ബിര്‍ സിങ്ങ്(55) വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ നിന്നാണ് കഥയുടെ ചുരുള്‍ അഴിയുന്നത്. 2500 രൂപ കൊടുത്ത് വിലയ്ക്ക് വാങ്ങിയ കൊലയാളി ചന്ദ് സിങ് ആണ് പോലീസിനോട് എല്ലാം തുറന്ന് പറഞ്ഞത്.പലചരക്ക് വ്യാപാരി ആണെങ്കിലും 60 ലക്ഷം രൂപയാണ് സത്ബിറിനുള്ളത്. നാല് മക്കളില്‍ രണ്ട് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് വിട്ടതിന്റെ കടവും മറ്റു ബിസിനസ്സുകളില്‍ നിന്നും വന്ന കടവും എല്ലാം കൂടി കൊടുത്ത് തീര്‍ക്കാന്‍ കഴിയാകുന്നതിലും ഇരട്ടിയായി.സ്വന്തം ഗ്രാമത്തിലുള്ള 22 കാരനായ ചന്ദ് സിങിനോട് തന്റെ അവസ്ഥകള്‍ തുറന്ന് പറഞ്ഞ് കൊലപാതകം ചെയ്യാനായി 2500 രൂപയും ഒരു തോക്കും സംഘടിപ്പിച്ച് കൊടുത്തു. ആത്മഹത്യ ചെയ്താല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കില്ലെന്ന കാരണമായിരുന്നു കൊലപാതകിയെ തേടിയത് എന്ന് ചന്ദ് പറയുന്നു.മരണഭയം ഇല്ലാതാകാന്‍ അമിതമായി മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തതായി പറയുന്നു. പിന്നീട് തോക്കിന്റെ ട്രിഗര്‍ വലിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചന്ദ് തുടക്കത്തില്‍ കള്ളം പറഞ്ഞുവെങ്കിലും പിന്നീട് നടന്നതെല്ലാം വെളിപ്പെടുത്തി. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും പോലീസ് കണ്ടെത്തി.കുടുംബത്തിന്റെ കടബാധ്യതകള്‍ തീര്‍ക്കാന്‍ സ്വയം മരണത്തിന് കീഴടങ്ങിയ സത്ബിറിന് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.