തിരുവനന്തപുരം : രോഗപ്രതിരോധ രംഗത്തെ മുന്നേറ്റത്തിന് ജീവിതചര്യകളിലും ശീലങ്ങളിലും മാറ്റം വരുത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. മസ്‌ക്കറ്റ് ഹോട്ടലിൽ മികച്ച ആയുർവേദ ഡോക്ടർമാർക്കുള്ള അവാർഡ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. ജീവിതചര്യകളിൽ ആയുർവേദവിധിയ്ക്ക് മുൻതൂക്കം നൽകണം. പ്രമേഹരോഗ നിരക്കിൽ കേരളം മുന്നിലാണ്. ഇത് മറികടക്കാൻ ആയുഷ് മേഖലയിലെ പ്രതിവിധികൾ കൂടി ഉൾപ്പെടുത്തണം. ജീവിതശൈലി രോഗങ്ങൾ ഇന്നത്തെ ജീവിതരീതി കൊണ്ടുണ്ടാകുന്നതാണ്. ഇതിനെ പ്രതിരോധിക്കാൻ ചിട്ടയോടുള്ള ജീവിതരീതിയിലേക്ക് മാറണം. ഗ്രാമീണ മേഖലയിൽ ഓപ്പൺ ജിംനേഷ്യം, യോഗ കേന്ദ്രങ്ങൾ എന്നിവ ഇതിനായി ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
അനവധി വികസന സാധ്യതയുള്ള മേഖലയാണ് ആയുഷ്. ഇതിൽ ആയുർവേദത്തിൽ കേരളത്തിന് ഒരുപാടു മുന്നോട്ടു പോകാനാകും. പരമ്പരാഗത അറിവുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഫണ്ട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് ആരോഗ്യസൂചികയിൽ കേരളം ഒന്നാമതെത്തിയത്. മാതൃശിശുമരണ നിരക്ക് കുറയ്ക്കാനായതും ഇതിന്റെ ഫലമാണ്. 2018-19 വർഷത്തെ ആയുർവേദ അവാർഡിനർഹരായവർക്കുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു. ആയുർവേദത്തിന്റെ സമസ്ത മേഖലകളിലും സമഗ്ര സംഭാവന നൽകുന്നവർക്കുള്ള അഷ്ടാംഗരത്‌ന അവാർഡിന് ഡോ.കെ.വി. രാമൻകുട്ടി അർഹനായി.
ആയുർവേദ ചികിത്സയിലും ഗവേഷണത്തിലും സമഗ്ര സംഭാവന നൽകിയിട്ടുള്ള സർക്കാർ, പൊതുമേഖല, സ്വകാര്യമേഖലകളിലെ മികച്ച ഡോക്ടർമാർക്ക് നൽകുന്ന ധന്വന്തരി അവാർഡിന് ഡോ.എം.ആർ. വാസുദേവൻ നമ്പൂതിരി അർഹനായി. ഭാരതീയ ചികിത്സാ വകുപ്പിലെ മികച്ച ഡോക്ടർമാർക്കുള്ള ചരക അവാർഡിന് ഡോ. ഷർമദ്ഖാൻ അർഹനായി. ആയുർവേദ കോളേജിലെ മികച്ച അധ്യാപകന് നൽകുന്ന ആത്രേയ അവാർഡ് ഡോ. പ്രകാശ് മംഗലശ്ശേരി, ഡോ. റോഷ്‌നി അനിരുദ്ധൻ എന്നിവർക്ക് നൽകി. സ്വകാര്യമേഖലയിൽ ആയുർവേദത്തിന്റെ പ്രസക്തിക്കും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് ഏർപ്പെടുത്തിയ വാഗ്ഭട അവാർഡിന് ഡോ. പ്രിയ ദേവദത്തൻ അർഹയായി.
വി.കെ.പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്. പ്രിയ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. ജോളിക്കുട്ടി, ജോയിന്റ് ഡയറക്ടർ ഡോ. അനിൽകുമാർ ആർ, ഡോ. സുഭാഷ് തുടങ്ങിയവർ സംബന്ധിച്ചു.