ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അയൽ സംസ്ഥാന ങ്ങളിൽ നിന്നും അധികമായെത്തുന്ന പാൽ, പാലു ല്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തുന്നത്.
ക്ഷീര വികസന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. ഇതിനായി കുമളി, പാറശാല, ആര്യൻകാവ്, മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മുഴുവൻ സമയവും ഉദ്യോഗസ്ഥരുടെ സേവന മുണ്ടാകും. ഈ മാസം 28 വരെ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മൊബൈൽ ലാബുകളടക്കം ചെക്ക് പോസ്റ്റുകളിൽ സജ്ജമാക്കിയിട്ടുണ്ട്. പാൽ, പാലുല്പന്നങ്ങൾ എന്നിവയുമായി ചെക്ക്പോസ്റ്റുകൾ വഴി കടന്നുവരുന്ന വാഹനങ്ങൾ പരിശോധന നടത്തും. ടാങ്കറുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ലാബുകളിൽ പരിശോധന നടത്തുന്നതാണ്.
ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ സാമ്പിളുകൾ വകുപ്പിന്റെ എൻ.എ.ബി.എൽ ലാബിൽ വിശദ പരിശോധനക്കായി കൈമാറും. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. കുറ്റക്കാർക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികൾ സ്വീകരിക്കും. ഇതോടൊപ്പം ചെക്ക് പോസ്റ്റുകൾ വഴി കടന്നുവരുന്ന പഴം, പച്ചക്കറി, മത്സ്യം, മാംസം, സസ്യ എണ്ണകൾ എന്നിവയുടെ സാമ്പിളുകളും പരിശോധനക്കായി ശേഖരിക്കും.