ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ മഴക്കാല രോഗ പ്രതിരോധ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

127

തിരുവനന്തപുരം : മഴക്കാലരോഗപ്രതിരോധ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ പാരിപ്പള്ളി മെഡിക്കല്‍കോളേജിന്റെയും, ചെമ്മരുതി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഏകദിന പരിശീലന ക്യാമ്പും അവലോകനയോഗവും സംഘടിപ്പിച്ചു. ഏകദിന പഠനക്യാമ്പ് വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം അധ്യക്ഷത വഹിച്ചു.

ജലജന്യരോഗങ്ങള്‍, ഡങ്കിപ്പനി, മലേറിയ തുടങ്ങിയവ പ്രതിരോധിക്കുന്നതിനായി ബഹുജന പങ്കാളിത്തത്തോടെ ആരംഭിക്കുന്ന വിവിധ പദ്ധതികള്‍ക്ക് ക്യാമ്പ് രൂപം നല്‍കി. കൊതുകിന്റെ ഉറവിട നശീകരണത്തിന് പഞ്ചായത്തിലെ മുഴുവന്‍ വീടുകളെയും 50 വീടുകളായി തിരിച്ച് അതിന്റെ ചുമതല ഓരോ ആരോഗ്യവാളന്റിയര്‍ന്മാര്‍ക്കും നല്‍കുകയും ജലജന്യരോഗങ്ങളുടെ പ്രതിരോധത്തിന് പഞ്ചായത്തിലെ മുഴുവന്‍ കിണറുകളും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് 15 ദിവസത്തില്‍ ഒരിക്കല്‍ ശുചീകരിക്കാന്‍ ആശാവാളന്റിയര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു .

അതോടൊപ്പം പഞ്ചായത്തിലെ റബ്ബര്‍ തോട്ടങ്ങള്‍ സന്ദര്‍ശിച്ച് ചിരട്ടകള്‍ കമഴ്ത്തി വച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ക്യാമ്പില്‍ നിര്‍ദ്ദേശം നല്‍കി. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റെഷന്‍ ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍ ഗോപകുമാര്‍ അറിയിച്ചു

പരിപാടിയില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജി. രമ്യ മുഖ്യ പ്രഭാഷണം നടത്തി.പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഡോ. അന്‍വര്‍ അബ്ബാസ്, ഡോ. അരുണ്‍, ഡോ. അബ്ദുല്‍ കലാം, ഡോ. സുജ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും
സംഘടിപ്പിച്ചു.

NO COMMENTS