ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്വപ്ന വീടൊരുക്കി ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്

118

ആലപ്പുഴ: ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്വപ്‌നവീട് ഒരുക്കിയിരിക്കുകയാണ് ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്നേഹക്കൂട് പദ്ധതിയിലൂടെ. 2016ലാണ് പ്രത്യേക ഐ.എ.വൈ പദ്ധതിയായ സ്നേഹക്കൂടിന് തുടക്കം കുറിച്ചത്. മൂന്നുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 28കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.

ക്യാന്‍സര്‍, വൃക്കരോഗം, ഓട്ടിസം, മറ്റു ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, അഗതികള്‍, തുടങ്ങിയവര്‍ക്കാണ് പദ്ധതി പ്രകാരം വീടുകള്‍ നല്‍കിയത്. ഐ.എ.വൈ പദ്ധതിക്കായി വിവിധ ഗ്രാമപഞ്ചായത്തുകള്‍ക്ക് ബ്ലോക്ക് വിഹിതമായി നല്‍കിയ തുക ചെലവഴി ക്കാതെ കിടന്നതിന്റെ പലിശയായി ലഭിച്ച പണമാണ് പദ്ധതിക്കായി ചെലവിട്ടത്. സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിയോടെയാണ് ചെങ്ങനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക ഭവന പദ്ധതിക്കായി തുക കണ്ടെത്തിയത്.

മുളക്കുഴ, പുലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നാല് വീതം വീടുകളും, ചെറിയനാട് ഗ്രാമപഞ്ചായത്തില്‍ ഏഴ് വീടുകളും, ബുധനൂര്‍, തിരുവന്‍വണ്ടൂര്‍, വെണ്മണി, ഗ്രാമപഞ്ചായത്തുകളില്‍ മൂന്ന് വീതം വീടുകളും, ആല ഗ്രാമപഞ്ചായത്തില്‍ ഒരു വീടുമാണ് നിര്‍മ്മിച്ച് നല്‍കിയത്. ഒരു കോടി എട്ടുലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഓരോ കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മാണത്തിനായി നാല് ലക്ഷം രൂപ വീതം നല്‍കി. പ്രധാനമായും വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത് കാന്‍സര്‍ രോഗികള്‍ക്കാണ്.

ഗ്രാമസഭകളില്‍ എത്തി അനുകൂല്യങ്ങളെ കുറിച്ച് അറിയാന്‍ ഇത്തരം വിഭാഗക്കാര്‍ക്ക് പരിമിതികളുണ്ട്. അതിനാ ലാണ് ഇത്തരത്തില്‍ ഒരു പദ്ധതിക്ക് രൂപം കൊടുത്തതെന്നും, പദ്ധതി നടപ്പാക്കിയതോടെ ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്ന ഇത്തരം ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനും, ജീവിതനിലവാരം ഉയര്‍ത്താനും സാധിച്ചെന്ന് ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത പറഞ്ഞു. ജനുവരി 10ന് നടക്കുന്ന ചെങ്ങന്നൂര്‍ ബ്ലോക്ക്തല ലൈഫ് മിഷന്‍ സംഗമത്തോടൊപ്പം ഇവരുടെ സംഗമവും നടത്തും.

NO COMMENTS