അബുദാബി: ചെന്നൈ സൂപ്പര്‍ കിങ്സിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 2 വിക്കറ്റ്സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് എന്ന വിജയലക്ഷ്യം 2 വിക്കറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ചെന്നൈ മറികടന്നത്.
ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദും (28 പന്തില്‍ 40), ഫാഫ് ഡുപ്ലെസിസും (30 പന്തില്‍ 43) ചെന്നൈക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 28 പന്തില്‍ 32 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയും സ്കോറിങ്ങിന് വേഗം കൂട്ടി. 8 പന്തില്‍ 22 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ മിന്നലാക്രമണം ചെന്നൈയെ വിജയത്തോടടുപ്പിച്ചു.
ബൗളിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഓഫ് സ്പിന്നര്‍ സുനില്‍ നരെയ്ന് 3 വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രേ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.
33 പന്തില്‍ 45 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയും, 15 പന്തില്‍ 18 റണ്‍സ് നേടിയ വെങ്കടേഷ് അയ്യരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. മികച്ച ഫോമില്‍ ബാറ്റ് ചെയ്ത ശുഭ്മാന്‍ ഗില്‍ ആദ്യ ഓവറില്‍ തന്നെ പുറത്തായത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി.
ആദ്യ ഓവറില്‍ 2 ബൗണ്ടറിയടക്കം 9 റണ്‍സ് നേടിയ ഗില്‍ ഒന്നാം ഓവറിന്റെ അവസാന പന്തില്‍ റണ്‍ ഔട്ടിലൂടെയാണ് പുറത്തായത്. അമ്ബാട്ടി റായ്ഡുവാണ് ഗില്ലിനെ പുറത്താക്കിയത്.
ബാറ്റിങ് പവര്‍പ്ലേയില്‍ കൊല്‍ക്കത്ത രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തു. 27 പന്തില്‍ പുറത്താകാതെ 37 റണ്‍സ് നേടിയ നിതീഷ് റാണയും, 15 പന്തില്‍ 20 റണ്‍സ് നേടിയ ആന്ദ്രേ റസ്സലും, 11 പന്തില്‍ 26 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കും ചേര്‍ന്നാണ് കൊല്‍ക്കത്തയ്ക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.