കേര കൃഷിയില്‍ സംസ്ഥാനത്തെ ഒന്നാമതെത്തിക്കും: മന്ത്രി ഇ പി ജയരാജന്‍

157

കണ്ണൂർ : കേരത്തിന്റെ നാടായ കേരളം ഇന്ന് കേരകൃഷിയില്‍ മൂന്നാം സ്ഥാനത്താണ്, ഇതിനെ ഒന്നാം സ്ഥാനത്തെത്തിക്കുമെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണെന്നും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ സംസ്ഥനത്ത് നട്ടുവളര്‍ത്തുമെന്നും ഇതിനായി എല്ലാ വാര്‍ഡിലും വര്‍ഷവും തോറും 75 തെങ്ങിന്‍ തൈകള്‍ വീതം വിതരണം ചെയ്യുമെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കുയിലൂര്‍ പെരുമണ്ണ് പെടയങ്ങോട് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.

തറക്കല്ലിട്ടതിന് ശേഷം പ്രവൃത്തികളിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ കരാറുകാരും ഉദ്യോഗസ്ഥരും ശ്രദ്ധചെലുത്തണം. പദ്ധതികള്‍ തറക്കല്ലിടലില്‍ മാത്രം ഒതുങ്ങുന്ന അവസ്ഥയാണ് നേരത്തെ ഉണ്ടായിരുന്നത്. ഈ അവസ്ഥയില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞു. ജില്ലയ്ക്ക് മുഴുവന്‍ കുടിവെള്ളമെത്തിക്കുന്നത് കുയിലൂരിലെ പഴശി പ്രദേശത്ത് നിന്നാണ്. വെള്ളം കൊടുക്കുന്നവര്‍ക്ക് വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്. ഇത് മാറാന്‍ പോവുകയാണ്. എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി ആലോചിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തി 1.27 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ കുയിലൂര്‍ പെരുമണ്ണ് പെടയങ്ങോട് പ്രദേശവാസികള്‍ അനുഭവിക്കുന്ന കുടിവെള്ള പ്രശനങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്ന പ്രദീക്ഷയിലാണ് നാട്ടുകാര്‍.പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ അധ്യക്ഷയായി. ജെയിംസ് മാത്യു എം എല്‍ എ, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനില്‍ കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം കുഞ്ഞിരാമന്‍, സി പ്രസന്ന, നൈലോഫര്‍, റീന ടീച്ചര്‍, ഷഹനാ രാജീവന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ പത്മനാഭന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

NO COMMENTS