ചേരുവകള്‍
250 ഗ്രാം കോഴിയിറച്ചി
2 സവാള
2 തക്കാളി
2 ഉരുളക്കിഴങ്ങ് (ഇടത്തരം വലുപ്പം ഉള്ളത്)
6 പച്ചമുളക് (നന്നായി അരച്ചെടുക്കുക)
3 തണ്ട് മല്ലിയില
1 ടേബിള്‍ സ്പൂണ്‍ മല്ലിപൊടി
1 ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി
1 ടേബിള്‍ സ്പൂണ്‍ ഗരം മസാല പൊടി
1 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ്
1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി പേസ്റ്റ്
1 നാരങ്ങയുടെ നീര്
1 തേങ്ങ (ചിരകിയത്)
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് വെള്ളം
ആവശ്യത്തിന് വെളിച്ചെണ്ണ
മുന്‍കൂറായി തയ്യാറാക്കി വയ്‌ക്കേണ്ടവ
ആദ്യം തന്നെ തേങ്ങപ്പാല്‍ തയാറാക്കി വയ്ക്കാം. ഇതിനായി തേങ്ങ ചിരകിയതും ഒരു ഗ്ലാസ് വെള്ളവും മിക്‌സിയില്‍ അടിച്ചെടുക്കുക. ഇതില്‍ നിന്നും പാല്‍ അരിച്ചെടുക്കുക. ഇതാണ് ഒന്നാം പാലായി ഉപയോഗിക്കുന്നത്.
ഒന്നാം പാല്‍ അരിച്ചുമാറ്റിയ ശേഷം ബാക്കി വരുന്ന തേങ്ങ പീരയില്‍ ഒരു ഗ്ലാസ് വെള്ളം കൂടി ഒഴിച്ചു ഒന്നുകൂടി മിക്‌സിയില്‍ അടിച്ചെടുക്കുക. ഇതില്‍ നിന്നും വീണ്ടും പാല്‍ അരിച്ചെടുക്കുക. ഇത് രണ്ടാം പാലായി ഉപയോഗിക്കാം.
അടുത്തതായി കോഴിയിറച്ചി ചെറിയ കഷണങ്ങളായി മുറിച്ചു കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം ഉരുളക്കിഴങ്ങ്, തക്കാളി, സവാള എന്നിവ ചെറിയ കഷണങ്ങളായി മുറിച്ച വയ്ക്കുക. ഒരേ വലിപ്പത്തിലുള്ള കഷണങ്ങളായാല്‍ നന്ന്.
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാനിലോ പ്രഷര്‍ കുക്കറിലോ 2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അരച്ച പച്ചമുളക്, കറിവേപ്പില, സവാള എന്നിവ ഇട്ട് വഴറ്റുക. ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ ഉപ്പിടുക. ഉള്ളി വാടി വരുമ്പോള്‍ മുറിച്ചു വച്ചിരിക്കുന്ന തക്കാളി കഷണങ്ങള്‍ ഇടുക.
നന്നായി ഇളക്കി 5 മിനിറ്റ് വേവിക്കുക. ശേഷം ഇതിലേക്ക് ചെറിയ കഷണങ്ങളാക്കി വച്ചിരിക്കുന്ന കോഴിയിറച്ചിയും ഉരുളക്കിഴങ്ങു കഷണങ്ങളും ഇട്ടു വഴറ്റുക. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് 15 മുതല്‍ 20 മിനിറ്റ് വരെ അടച്ചു വച്ചു വേവിക്കുക.
അതിനു ശേഷം മല്ലിപൊടി, കുരുമുളകുപൊടി, ഗരം മസാല പൊടി എന്നിവ അര ടീ സ്പൂണ്‍ ഉപ്പും കൂടി ചേര്‍ത്തിളക്കുക. ഉപ്പു ചേര്‍ക്കുമ്പോള്‍ ആവശ്യാനുസരണം പാകം നോക്കി മാത്രം ചേര്‍ക്കുക. ഒരു 2 മിനിറ്റ് വേവിച്ചതിനു ശേഷം തയാറാക്കി വച്ചിരിക്കുന്ന തേങ്ങയുടെ രണ്ടാം പാല്‍ ഒഴിക്കുക.
5 കൂടി മിനിറ്റ് വേവിക്കുക. ചെറുതായി തിള വരുമ്പോഴേക്കും ഒന്നാം പാല്‍ കൂടി ചേര്‍ക്കുക. തീ കൂട്ടി നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. മല്ലിയിലയും ചെറുനാരങ്ങാ നീരും ഒഴിച്ച് ഇളക്കി വയ്ക്കുക. സ്വാദിഷ്ടമായ ചിക്കന്‍ കുറുമ റെഡി.