നെൽപാടങ്ങളിലെ കൊയ്ത്ത് അവശ്യസർവീസാക്കുമെന്ന് മുഖ്യമന്ത്രി

159

തൃശൂർ: തൃശൂർ, പാലക്കാട്, കുട്ടനാട് എന്നീ നെൽകൃഷി മേഖലകളിലെ വിളഞ്ഞ പാടങ്ങൾ കൊയ്‌തെടുക്കുന്നത് അവശ്യ സർവീസായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടർമാരും, ജില്ലകളിലെ പോലീസ് മേധാവികളുമായുളള വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊയ്ത്തിന്റെ സമയം ആയതിനാൽ അത് നീട്ടിവയ്ക്കാനാവില്ല.

കൊയ്ത്ത് യന്ത്രം തമിഴ്‌നാട്ടിൽ നിന്നാണ് എത്തിക്കാറുളളത്. അടച്ചിടൽ നിർദ്ദേശങ്ങളുടെ ഭാഗമായി കൊയ്ത്ത് യന്ത്രങ്ങൾ വരുന്നത് തടസ്സപ്പെടുത്തേണ്ടതില്ല. കൊയ്ത്ത് കഴിഞ്ഞാൽ നെല്ല് പാടത്ത് ഉപേക്ഷിക്കപ്പെടരുത്. സംഭരണത്തിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കണം.

കോൾപാടങ്ങളിലെ കൊയ്ത്ത് സംബന്ധിച്ച് കോൾ ഡവലപ്പ്‌മെന്റ് അതോറിറ്റിയുമായും മറ്റ് സമിതികളുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് പറഞ്ഞു. ഇതേക്കുറിച്ച് ആലോചിക്കാൻ ഇന്ന് (മാർച്ച് 26) കളക്ടറേറ്റിൽ യോഗം ചേരും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പങ്കെടുക്കും.

ജില്ലയിലേക്ക് പച്ചക്കറികൾ പ്രധാനമായി എത്തുന്ന ശക്തൻ മാർക്കറ്റിൽ ആൾക്കൂട്ടം ഒഴിവാക്കി അടച്ചിടൽ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മാർക്കറ്റിലെ മൊത്തകച്ചവടക്കാരുമായി ചർച്ച നടത്തിയിട്ടുണ്ട്. ഫിഷിംഗ് ഹാർബറുകളിൽ എത്തുന്ന മത്സ്യം ലേലം ഒഴിവാക്കി വിൽപന നടത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

NO COMMENTS