തിരുവനന്തപുരം : സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷൺ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അങ്കണവാടികൾക്കുള്ള മൊബൈൽ വിതരണവും ഐ.സി.ഡി.എസ്.-സി.എ.എസ്. സോഫ്റ്റുവെയർ ഉദ്ഘാടനവും ആഗസ്റ്റ് 29ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഡി.പി.ഐ. ജംഗ്ഷൻ ജവഹർ സഹകരണ ഭവനിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ-വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും. മുഖ്യാതിഥായി പങ്കെടുക്കുന്ന കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഐ.എൽ.എ. മൊഡ്യൂളുകളുടെ പ്രകാശനം നിർവഹിക്കുകയും പോഷൻ അഭിയാൻ അവാർഡുകൾ കരസ്ഥമാക്കിയവരെ ആദരിക്കുകയും ചെയ്യും. ഫോർട്ടിഫൈഡ് ന്യൂട്രിമിക്‌സ് വിതരണോദ്ഘാടനം തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ, സമ്പുഷ്ടീകരിച്ച മിൽമ പാൽ വിതരണോദ്ഘാടനം വനം, മൃഗസംരക്ഷണ മന്ത്രി അഡ്വ. കെ. രാജു എന്നിവർ നിർവഹിക്കും.
കഴിഞ്ഞ വർഷം കാസർഗോഡ്, മലപ്പുറം, കണ്ണൂർ, വയനാട് എന്നീ നാലു ജില്ലകളിൽ പ്രവർത്തനം ആരംഭിച്ച സമ്പുഷ്ട കേരളം പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി കേരളം തയാറാക്കിയ കൺവർജൻസ് ആക്ഷൻ പ്ലാൻ അനുസരിച്ച് സമ്പുഷ്ട കേരളം പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയതിന് കഴിഞ്ഞവർഷം ദേശീയ അംഗീകാരം ലഭിച്ചിരുന്നു. കൂടാതെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പോഷൻ അഭിയാൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലകളിൽ ഒന്നായ കണ്ണൂർ ജില്ലയ്ക്കും മികച്ച ബ്ലോക്കായ കല്യാശേരി ബ്ലോക്കിനും പോഷൻ അഭിയാൻ ദേശീയ പുരസ്‌കാരം ലഭിച്ചു.
സമ്പുഷ്ട കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവൻ അങ്കണവാടി വർക്കർമാർക്കും സൂപ്പർവൈസർമാർക്കും സ്മാർട് ഫോണുകൾ നൽകും. ഈ ഫോണിലെ പ്രത്യേക ആപ്ലിക്കേഷനിലൂടെ (ഐ.സി.ഡി.എസ്.-സി.എ.എസ്. സോഫ്റ്റുവെയർ) ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരങ്ങളും യഥാസമയം അപ് ലോഡ് ചെയ്യാൻ സാധിക്കും. ഈ പദ്ധതി പ്രാബല്യത്തിലാകുന്നതിലൂടെ അങ്കണവാടികളിൽ ഇപ്പോൾ ഉപയോഗിക്കുന്ന 11 രജിസ്റ്ററുകളും നിർത്തലാക്കും. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ഗുണഭോക്താക്കളുടെ വിവരങ്ങളും പ്രശ്‌നങ്ങളും തത്സമയം നിരീക്ഷിക്കുകയും അതിലൂടെ ആവശ്യാനുസരണം സേവനം ലഭ്യമാക്കാനും സാധിക്കുന്നു.