ലോക പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ചിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

165

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ അഞ്ചിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വനംവകുപ്പ് ആസ്ഥാനത്ത് വനശ്രീ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വനംവന്യജീവി വകുപ്പ് മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും. വനംവകുപ്പ് ആസ്ഥാനത്ത് മുഖ്യമന്ത്രിയും വനം മന്ത്രിയും വൃക്ഷത്തൈകൾ നടും. വായുമലിനീകരണം മുഖ്യവിഷയമാക്കിയാണ് ഇത്തവണ ലോകപരിസ്ഥിതിദിനം ആചരിക്കുന്നതെന്ന് മന്ത്രി കെ. രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ, ജൈവവൈവിധ്യ പൈതൃക കേന്ദ്രത്തിന്റെ പ്രഖ്യാപനം, വനമിത്ര/പരിസ്ഥിതിമിത്രം, ജൈവവൈവിധ്യപരിപാലന/ മാധ്യമ അവാർഡുകളുടെ വിതരണം എന്നിവ മുഖ്യമന്ത്രി നിർവഹിക്കും. അരണ്യം പരിസ്ഥിതി പതിപ്പിന്റെ പ്രകാശനം, ജൈവവൈവിധ്യ അവാർഡുകൾ, ഭൂമിത്രസേനാക്ലബ്ബ് അവാർഡുകളുടെ വിതരണം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിന്റെ ഭൂദൃശ്യ പരിസ്ഥിതി പുസ്തകത്തിന്റെ പ്രകാശനം എന്നിവ വനംമന്ത്രി നിർവഹിക്കും. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നിർമ്മിച്ച വെറ്റ്‌ലാൻഡ്‌സ് ഓഫ് കേരള എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം മേയർ വി. കെ. പ്രശാന്തും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം വി.എസ.്ശിവകുമാർ എം.എൽ.എ.യും നിർവഹിക്കും. ഡോ. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർആൻറ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് പി. കെ. കേശവൻ, അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രദീപ് കുമാർ, ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എസ്.സി. ജോഷി, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടർ വീണാ മാധവൻ തുടങ്ങിയവർ പങ്കെടുക്കും.

വനം വന്യജീവി വകുപ്പും പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റും സംസ്ഥാന ജൈവ വൈവിധ്യ ബോർഡും സംയുക്തമായാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. പരിസ്ഥിതിദിനാഘോഷത്തോടനുബന്ധിച്ച് അഞ്ചിന് രാവിലെ ഏഴുമണിക്ക് പരിസ്ഥിതി ദിന സന്ദേശം പ്രചരിപ്പിക്കുന്നതിന് കായികതാരങ്ങളെ പങ്കെടുപ്പിച്ച് കനകക്കുന്ന് മുതൽ വഴുതക്കാട്ടെ വനംവകുപ്പ് ആസ്ഥാനം വരെ ഗ്രീൻ റൺ നടത്തും. സംസ്ഥാന ജൈവവൈവിധ്യബോർഡ് തൈക്കാട് പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിൽ രാവിലെ 10ന് കാർഷിക ജൈവവൈവിധ്യം എന്ന വിഷയത്തിൽ സംസ്ഥാനതല ശില്പശാല സംഘടിപ്പിക്കും.

ഓരോ ജില്ലയിലും ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റികൾ വഴി 5000 ഫലവൃക്ഷതൈകളും ബോർഡ് നട്ടുപിടിപ്പിക്കും. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വനംവകുപ്പ് എല്ലാ ജില്ലകളിലും ജില്ലാതല ഉദ്ഘാടനവും വിവിധപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്‌ട്രേറ്റിനു കീഴിലുള്ള ഭൂമിത്ര സേന ക്ലബ്ബുകൾ സംസ്ഥാനമൊട്ടാകെ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിക്കും.

ഇത്തവണ സംസ്ഥാനത്തൊട്ടാകെ 83 വ്യത്യസ്ത ഇനങ്ങളിൽ പെട്ട 64 ലക്ഷം വൃക്ഷത്തൈകളാണ് വിതരണത്തിനായി വനംവകുപ്പ് ഒരുക്കിയിട്ടുള്ളത്. ഇവയിൽ 44.24 ശതമാനം ഫലവൃക്ഷങ്ങളും 10.55 ശതമാനം അലങ്കാരസസ്യങ്ങളും, 17.56 ശതമാനം തടികളായി ഉപയോഗിക്കാൻ പറ്റുന്നതും 15.79 ശതമാനം ഔഷധസസ്യങ്ങളും 11.86 ശതമാനം മണ്ണ്, ജലം, നദീ-കടൽത്തീര സംരക്ഷണത്തിനായുമുള്ളതാണ്.

സംസ്ഥാനത്തെ 97 നഴ്‌സറികളിലായാണ് ഇവ ഒരുക്കിയിട്ടുള്ളത്. ഇത് കൂടാതെ പരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ/ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ വനംവകുപ്പ് ഒറ്റക്കും സംയുക്തമായും ഒരു വർഷം പ്രായമുള്ള 3.2 ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും.

പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ മാട്ടുമ്മലിൽ കായൽ തീരത്ത്10000 കണ്ടൽ തൈകളും പൊന്നാനിയിലെ തീരപ്രദേശങ്ങളിൽ 14000 കാറ്റാടി തൈകളും നട്ടുപിടിപ്പിക്കും. കണ്ണൂർജില്ലയിലെ ഏഴിമല നാവിക അക്കാദമിയുടെ സ്ഥലത്ത് 30000 കാറ്റാടി തൈകൾ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

NO COMMENTS