സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും: മുഖ്യമന്ത്രി

148

തിരുവനന്തപുരം : പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വായു മലിനീകരണം കുറയ്ക്കുന്നതിന് സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നതിനു സ്വീകരിച്ച നടപടികൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വനം വകുപ്പ് ആസ്ഥാനത്ത് വനശ്രീ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിസ്ഥിതി സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ആവശ്യമാണ്. നാടിന്റെ ഭാവിയിൽ താത്പര്യമുള്ള എല്ലാവരും വായു മലിനീകരണം ചെറുക്കുന്നതിനുള്ള പ്രവൃത്തികളിൽ ഏർപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെ ഏറ്റവും വായു മലിനീകരണമുള്ള മുപ്പത് നഗരങ്ങളിൽ 22 എണ്ണവും ഇന്ത്യയിലാണെന്നും ഇതിൽ സംസ്ഥാനത്തെ നഗരങ്ങളൊന്നുംപെടുന്നില്ലെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച വനം മന്ത്രി കെ. രാജു പറഞ്ഞു. ലോകത്ത് പത്തിൽ ഒൻപതുപേർക്ക് ശുദ്ധവായു ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 64 ലക്ഷം വൃക്ഷതൈകളാണ് ഇത്തവണ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനം വകുപ്പ്, സംസ്ഥാന ജൈവവൈവിധ്യബോർഡ്, പരിസ്ഥിതി വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നത്.

ബയോ ഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റിന്റെ പ്രഖ്യാപനം, വനമിത്ര/ പരിസ്ഥിതിമിത്ര, ജൈവവൈവിധ്യപരിപാലന/ മാധ്യമ അവാർഡുകളുടെ വിതരണം എന്നിവ മുഖ്യമന്ത്രിയും അരണ്യം പരിസ്ഥിതി പതിപ്പിന്റെ പ്രകാശനം, ബയോഡൈവേഴ്സിറ്റി ബോർഡ് ഭൂമിത്രസേനാക്ലബ്ബ് അവാർഡുകളുടെ വിതരണം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിന്റെ ഭൂദൃശ്യ പരിസ്ഥിതി പുസ്്തകത്തിന്റെ പ്രകാശനം എന്നിവ വനം മന്ത്രിയും പരിസ്ഥിതി കാലാവസ്ഥാ ഡയറക്ടറേറ്റിന്റെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം മേയർ വി.കെ. പ്രശാന്തും വെറ്റ്ലാൻഡ് ഓഫ് കേരള ഡോക്യുമെന്ററി പ്രകാശനം വി.എസ്. ശിവകുമാർ എം.എൽ.എയും നിർവഹിച്ചു.

ഉദ്ഘാടനത്തിനു മുമ്പ് വനം വകുപ്പ് ആസ്ഥാനത്ത് മുഖ്യമന്ത്രിയും വനം മന്ത്രിയും വൃക്ഷത്തൈകൾ നട്ടു. വനമിത്ര, പരിസ്ഥിതിമിത്ര തുടങ്ങിയ വിവിധ പരിസ്ഥിതി അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.
സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃക കേന്ദ്രത്തിനുള്ള പുരസ്‌കാരം കൊല്ലം മേയർ രാജേന്ദ്ര ബാബു ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഡെപ്യൂട്ടി മേയർ അഡ്വ: രാഖി രവികുമാർ, വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ.ജയതിലക്, പരിസ്ഥിതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.കെ കേശവൻ, സാമൂഹ്യവനവൽക്കരണ വിഭാഗം എ.പി.സി.സി.എഫ് പ്രദീപ് കുമാർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടർ വീണാമാധവൻ, ജൈവവൈവിധ്യബോർഡ് ചെയർമാൻ ഡോ. എസ്.സി. ജോഷി എന്നിവർ പങ്കെടുത്തു.

NO COMMENTS