കണ്ണൂർ: വർഗീയതുടെ ആൾ രൂപമാണ് അമിത് ഷായെന്നും വർഗീയതയെ എങ്ങനെ വളർത്തിയെടുക്കാമെന്നും നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽവന്നു നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു ദുരുഹമരണത്തെ കുറിച്ച് ഷാ പറഞ്ഞിരുന്നു. അത് ഏതാണെന്ന് അദ്ദേഹം തന്നെ പറയട്ടേ. അത് പറഞ്ഞാൽ അന്വേഷിക്കാൻ തയാറാണ്. എന്നാൽ പുകമറ സൃഷ്ടിക്കാൻ നോക്കരുത്. എന്ത് ഉണ്ടായാലും കേരളത്തിൽ കക്ഷി രാഷ്ട്രീയഭേദമന്യേ അന്വേഷണം നടത്തുന്നതാണ്. വ്യാജ ഏറ്റുമുട്ടൽ കേസിൽ ചാർജ് ചെയ്യപ്പെട്ടയാളാണ് അമിത് ഷാ. ഇവിടെ വന്ന് ഷാ ഞങ്ങളെ നീതി പഠിപ്പേക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജസ്റ്റീസ് ബി.എച്ച്. ലോയ ദുരുഹസാഹചര്യത്തിൽ മരിച്ചു. ഇപ്പോഴും അദ്ദേഹത്തിന്റെ കുടുംബം നീതിക്കായി നടക്കുകയാണ്. ബിജെപി നേതാക്കൾ അതേക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. അവിടെയാണ് ദുരുഹത. ഇരിക്കുന്ന സാഹചര്യത്തിന് അനുസരിച്ചല്ല സംസാരമെങ്കിൽ നിങ്ങളുടെ ചേതികളും ഞങ്ങൾക്കും പറയേണ്ടി വരും.
ഈ നാട് ശ്രീനാരായണഗുരുവിന്റെയും ചട്ടന്പിസ്വാമിയുടെയും അയ്യങ്കാളിയുടെയും ആണ്. ഇവർ പഠിപ്പിച്ച രീതികൾ ഉണ്ട്. അതിനാൽ നിങ്ങളുടെ രീതി ഇവിടെ നടക്കില്ല. ഇവിടെ നിങ്ങൾ നാടിനെ തകർക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങൾ അതിനെ എതിർത്തു. ഇനിയും ഇത്തരം കാരണങ്ങൾ ഉണ്ടായാൽ എതിർക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
അമിത് ഷായോടെ ചില ചോദ്യങ്ങൾ തനിക്ക് ചോദിക്കാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തു പോലുള്ള ദേശവിരുദ്ധ പ്രവർത്തനം തടയാനുള്ള ചുമതല കസ്റ്റംസിനാണ്. ആ കസ്റ്റംസ് സ്വർണക്കടത്ത് തടയാൻ എന്ത് ചെയ്തു?. ബിജെപി അധികാരത്തിൽ വന്നതു മുതൽ തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്തിന്റെ ഹബ്ബായി മറിയതെങ്ങനെയെന്നും മുഖമന്ത്രി ചോദിച്ചു. ഇതിന് അമിത് ഷാ ഉത്തരം പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വർഗീയതയുടെ പ്രത്യേകത മതപരമായി വിഭജിക്കുകയാണ്. മനുഷ്യനെ മതപരമായി വിഭജിച്ച് ഉൻമൂലനം ചെയ്യുകയാണ് ഷായുടെ ലക്ഷ്യം. ഷാ ചില ചോദ്യങ്ങൾ തന്നോട് ചോദിച്ചു. അദ്ദേഹത്തിനോട് പറയാനുള്ളത് എതെങ്കിലും തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായി തനിക്ക് ജയിലിൽ കിടക്കേണ്ടിവന്നിട്ടില്ല. കൊലപാതകം, അപഹരണം തുടങ്ങിയ കേസുകൾ നേരിടേണ്ടിവന്നത് ആരാണെന്ന് ഷാ ഓർക്കണമെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.