ഹിന്ദിക്ക് ഇന്ത്യയെ ഒരുമിപ്പിച്ച്‌ നിര്‍ത്താനാകുമെന്ന അമിത് ഷായുടെപ്രസ്താവനയ്‌ക്കെതിരെമുഖ്യമന്ത്രി പിണറായി വിജയന്‍

134

കോഴിക്കോട്: ഹിന്ദിക്ക് ഇന്ത്യയെ ഒരുമിപ്പിച്ച്‌ നിര്‍ത്താനാകുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികരിച്ചത്
ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരില്‍ രാജ്യത്ത് പറയത്തക്ക തര്‍ക്കങ്ങളൊന്നും നിലനില്‍ക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താന്‍ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യന്‍ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്രരൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണം- മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ലോകത്തിനു മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്നും രാജ്യത്തെ മുഴുവന്‍ ഒരുമിച്ച്‌ നിര്‍ത്താനാവുക ഹിന്ദിക്കാണെന്നുമായിരുന്നു ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ട്വീറ്റില്‍ അമിത് ഷാ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡി എം കെ നേതാവ് സ്റ്റാലിന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ”ഹിന്ദി അജണ്ട’ യില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരില്‍ സംഘ പരിവാര്‍ പുതിയ സംഘര്‍ഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണ്. രാജ്യത്തെ ഒരുമിപ്പിച്ച്‌ നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്.

ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണത്.

ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരില്‍ രാജ്യത്ത് പറയത്തക്ക തര്‍ക്കങ്ങളൊന്നും നിലനില്‍ക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താന്‍ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യന്‍ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്രരൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണം. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങള്‍ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ പരിവാര്‍ മനസ്സിലാക്കുന്നത് നന്ന്.

NO COMMENTS