രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട‌് മു‌ഖ്യമന്ത്രി പിണറായി വിജയന്‍ നാടിന‌് സമര്‍പ്പിച്ചു.

183

തിരുവനന്തപുരം> കേരളത്തിന‌് അഭിമാനമായ രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട‌് മു‌ഖ്യമന്ത്രി പിണറായി വിജയന്‍ നാടിന‌് സമര്‍പ്പിച്ചു. മെയ‌് 30ന‌് തറക്കല്ലിട്ട‌് എട്ടു മാസത്തിനുള്ളിലാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ട‌ിന്റെ ആദ്യഘട്ടനിര്‍മാണം പൂര്‍ത്തിയാക്കിയത്‌. നിപാ വൈറസ‌് ബാധ പരത്തിയ ഭീതിയുടെ ദിനങ്ങളെ പിന്നിലാക്കി അതിജീവനത്തിന്റെ പാതയില്‍ മുന്നേറുന്ന മലയാളികള്‍ക്ക‌് 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ജനകീയ സര്‍ക്കാരിന്റെ സമ്മാനമാണ്‌ തിരവന്തപുരം തോന്നക്കലിലെ ഇന്‍സ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാന്‍സ‌്ഡ‌് വൈറോളജി.

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്തായിരുന്നു ആരോഗ്യമേഖലയ്ക്ക‌് വെല്ലുവിളി ഉയര്‍ത്തിയ നിപാ വൈറസ‌് ബാധ. വൈറസിനെ അതിജീവിക്കാന്‍ നടത്തിയ സമാനതകളില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക‌് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശം നല്‍കി.ആലപ്പുഴയില്‍ വൈറോളജി ലാബ‌് ഉണ്ടെങ്കിലും നിപാ പോലുള്ള മാരക വൈറസുകളുടെ നിര്‍ണയത്തിന‌് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട‌് മാത്രമായിരുന്നു ആശ്രയം. മണിപ്പാല്‍ സ്വകാര്യ ലാബിലെ പരിശോധനയുടെ ഫലം പുണെ ഇന്‍സ്റ്റിറ്റ്യൂട്ട‌് സാക്ഷ്യപ്പെടുത്തണം എന്ന പ്രതിബന്ധവുമുണ്ടായിരുന്നു. പുണെ ഇന്‍സ്റ്റിറ്റ്യൂട്ടിനേക്കാള്‍ സാങ്കേതികത്തികവോടെ പരിശോധനകള്‍ സാധ്യമാകുന്ന തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാന്‍സ‌്ഡ‌് വൈറോളജി രാജ്യത്തിനാകെ മുതല്‍ക്കൂട്ടാകും. മറ്റ‌് സംസ്ഥാനങ്ങളില്‍നിന്നുള്ള സാമ്ബിളുകളും ഇവിടെ പരിശോധിക്കാം.

രാജ്യത്തെവിടെയും ഉണ്ടായേക്കാവുന്ന മാരക വൈറസ‌് ബാധകള്‍ വേഗത്തില്‍ നിര്‍ണയിക്കാനും കൂടുതല്‍ ഫലപ്രദമായ പ്രതിരോധമാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്ത‌് നടപ്പാക്കാനും കഴിയും. രോഗവ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ നിര്‍ദേശിക്കാനുള്ള ഗവേഷണങ്ങളും നടത്തും. അന്താരാഷ്ട്ര ഏജന്‍സിയായ ഗ്ലോബല്‍ വൈറസ‌് നെറ്റ‌്‌വര്‍ക്കിന്റെ സെന്ററായും പ്രവര്‍ത്തിക്കും. നെറ്റ‌്‌വര്‍ക്കിന്റെ 29 രാജ്യങ്ങളിലായുള്ള 45 കേന്ദ്രങ്ങളിലെ ഗവേഷകരുമായി നിരന്തര ആശയവിനിമയത്തിനുള്ള അവസരമുണ്ടാകും. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും വരെ നെറ്റ‌്‌വര്‍ക്കിന്റെ യൂറോപ്യന്‍, ഏഷ്യന്‍ (ജപ്പാന്‍) സെന്ററുകളുടെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനം.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്‌നോസ്റ്റിക്‌സ്, വൈറല്‍ വാക്‌സിന്‍സ്, ആന്റി വൈറല്‍ ഡ്രഗ് റിസര്‍ച്ച്‌, വൈറല്‍ ആപ്ലിക്കേഷന്‍സ്, വൈറല്‍ എപിഡെര്‍മോളജി-വെക്ടര്‍ ഡൈനാമിക്‌സ് ആന്‍ഡ‌് പബ്ലിക് ഹെല്‍ത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ‌് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറല്‍ വൈറോളജി എന്നിങ്ങനെ എട്ടു ലാബ‌് പ്രവര്‍ത്തിക്കും. പിജി ഡിപ്ലോമ (വൈറോളജി), പിഎച്ച്‌ഡി (വൈറോളജി) കോഴ‌്സുകളും ആരംഭിക്കും.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ബയോലൈഫ‌് സയന്‍സ‌് പാര്‍ക്കിലെ 25 ഏക്കറിലാണ‌് ഇന്‍സ്റ്റിറ്റ്യൂട്ട‌്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കായിരുന്നു 28,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മാണചുമതല. രണ്ടാംഘട്ടത്തില്‍ 80,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടമാണ‌് ഒരുങ്ങുന്നത‌്. കെഎസ്‌ഐഡിസിക്കാണ‌് നിര്‍മാണ ചുമതല.

NO COMMENTS