തിരുവനന്തപുരം : ലോക്കപ്പിനകത്ത‌് തല്ലുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന ഒരാളെയും സംരക്ഷിക്കില്ലെന്നും ഉത്തരവാദികള്‍ ആരായാലും അവര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്നും സംരക്ഷിക്കില്ലെന്നും . അതിന്റെ ആവശ്യം സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. തെറ്റു ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്ക‌് എല്ലാ സംരക്ഷണവും നല്‍കും.
പീരുമേട‌് പൊലീസ‌് കസ‌്റ്റഡിയില്‍ എടുത്ത രാജ‌്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട‌് അടിയന്തര പ്രമേയാവതരണത്തിന‌് അനുമതി തേടിയുള്ള വി ഡി സതീശന്റെ നോട്ടീസിന‌് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംഭവത്തെക്കുറിച്ച‌് അന്വേഷണം നടക്കുകയാണ‌്. അവശനിലയില്‍ ഏറെ ദൂരം യാത്രചെയ‌്ത‌് എത്തിച്ച രാജ‌്കുമാറിന‌് കോട്ടയം മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍ കിടത്തിച്ചികില്‍സ നല്‍കാത്ത കാര്യവും പരിശോധിക്കണം.
സംഭവത്തെ ഗൗരവമായാണ‌് സര്‍ക്കാര്‍ കാണുന്നത‌്. അതിനാലാണ‌് ഉദ്യോഗസ്ഥരെ സസ‌്പെന്‍ഡ‌് ചെയ‌്തത‌്. കസ‌്റ്റഡിയില്‍ എടുക്കപ്പെട്ടയാള്‍ ദിവസങ്ങളോളം അനധികൃതമായി കസ‌്റ്റഡിയില്‍ കഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്തം മേലുദ്യോഗസ്ഥര്‍ക്കുമുണ്ടാകും.നിലവില്‍ ക്രൈംബ്രാഞ്ച‌് അന്വേഷണം നടത്തുകയാണ‌്. രാജ‌്കുമാറിനെ കസ‌്റ്റഡിയില്‍ എടുത്ത സമയവുമായി ബന്ധപ്പെട്ട പരാതിയും അന്വേഷിക്കുന്നുണ്ട‌്. കോണ്‍ഗ്രസ‌് വാര്‍ഡ‌് അംഗം ആലീസ‌് തോമസ‌് നല്‍കിയ പരാതി പ്രകാരമാണ‌് നാട്ടുകാര്‍ക്കെതിരെ കേസെടുത്തത‌്. അവര്‍ പരാതി നല്‍കുമ്ബോള്‍ സേവാദള്‍ ജില്ലാ സൈക്രട്ടറിയും മഹിളാ കോണ്‍ഗ്രസ‌് നേതാവുമൊക്കയാണ‌്.
ഇപ്പോള്‍ അവരെ കോണ്‍ഗ്രസ‌് സസ‌്പെന്‍ഡ‌് ചെയ‌്തിട്ടുണ്ട‌്. ആരുടെയെങ്കിലും പ്രേരണപ്രകാരമാണോ അവര്‍ പരാതി നല്‍കിയതെന്ന‌് അന്വേഷണത്തിലേ വ്യക്തമാകൂ. അന്വേഷണം പൂര്‍ത്തിയാകാതെ ഒരു നിഗമനത്തിലും തീരുമാനത്തിലും എത്താനാകില്ല. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട‌്. തുടര്‍ന്ന‌് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.