കേരളത്തെ കാർഷികസമൃദ്ധ നാടാക്കുക ലക്ഷ്യം- മുഖ്യമന്ത്രി പിണറായി വിജയൻ

123

തിരുവനന്തപുരം : കേരളത്തെ കാർഷിക സമൃദ്ധമായ നാടാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൃഷി അഭിവൃദ്ധിപ്പെടുത്താനും തരിശുനില കൃഷിക്ക് പ്രോത്സാഹനം നൽകാനുമുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനതല കാർഷിക വികസന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി വർധിക്കുമ്പോൾ ഉത്പന്നങ്ങൾ കേടാകാതിരിക്കാൻ കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള നടപടികളും കൈക്കൊള്ളും. കൃഷിക്കാർക്ക് ആവശ്യമായ വായ്പാസൗകര്യം ഉറപ്പാക്കാനാകണം. ഇതിനായുള്ള ഇടപെടലുകൾ സർക്കാർ നടത്തിയിട്ടുണ്ട്. കാലവർഷക്കെടുതിയുടെ ഭാഗമായുണ്ടായ നാശങ്ങൾ മുൻനിർത്തി താത്കാലിക നടപടിയായി ജപ്തി നേരിടാതിരിക്കാൻ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപിച്ചവയ്ക്കുപുറമേ, കാർഷികരംഗത്ത് കൂടുതൽ തുടർനടപടികൾ സ്വീകരിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.

രണ്ടുതവണ കാലവർഷക്കെടുതി നേരിട്ടതിന്റെ വിഷമത്തിലാണ് കർഷകർ. അതിനൊപ്പം വിവിധ വ്യാപാരക്കരാറുകളും കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആസിയാൻ കരാറുണ്ടാക്കി ദൂഷ്യഫലങ്ങൾ നാം അനുഭവിച്ചതാണ്. ഈ സാഹചര്യമെല്ലാമുള്ളപ്പോഴാണ് കേന്ദ്രം നവംബറോടെ റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് (ആർ.സി.ഇ.പി) കരാർ ഒപ്പിടാൻ നീക്കം നടത്തുന്നത്. ഈ കരാർ കർഷകരെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻകാല കരാറുകളുടെ ഫലമായി മലേഷ്യയിൽ നിന്നുള്ള കുരുമുളക് ഇറക്കുമതി 184 ശതമാനമായി വർധിച്ചു. പാമോയിൽ ഇറക്കുമതി 529 ശതമാനം കൂടി. തായ്ലൻറിൽ നിന്നുള്ള മഞ്ഞൾ ഇറക്കുമതി 214 ശതമാനവും കുരുമുളക് 432 ശതമാനവും വർധിച്ചിട്ടുണ്ട്. ഇതെല്ലാം നമ്മുടെ കർഷകരെയാണ് പ്രതികൂലമായി ബാധിച്ചത്. ഒരു ഭാഗത്ത് കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയും മറുഭാഗത്ത് ഇത്തരം കരാറുകളുണ്ടാക്കുന്ന പ്രശ്നങ്ങളും. കർഷകർ പിടിച്ചുനിൽക്കാൻ വിഷമിക്കുന്ന സാഹചര്യത്തിയാണ് കൃഷി സംരക്ഷിക്കാനുള്ള നമ്മുടെ കൂട്ടായ പ്രവർത്തനങ്ങൾ.

നെൽകൃഷി മൂന്നുലക്ഷം ഹെക്ടറിൽ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തരിശുനിലം കൃഷിയോഗ്യമാക്കുന്നതിൽ കഴിഞ്ഞവർഷങ്ങളിൽ മികച്ച നടപടികളാണുണ്ടായത്. പരമ്പരാഗത കൃഷിവിളകളായ റാഗി, തിന, ചോളം എന്നിവ അട്ടപ്പാടിയിൽ 515 ഹെക്ടർ സ്ഥലത്താണ് പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ച് കൃഷി ചെയ്യുന്നത്. ഇത് വ്യാപിപ്പിക്കാനാകണം. നമ്മുടെ നാടിന്റെ പ്രത്യേകത ഏതുതരം കൃഷിയും ഫലങ്ങളും ഇവിടെ ഉത്പാദിപ്പിക്കാമെന്നതാണ്. പച്ചക്കറി ഉത്പാദനം സ്വയംപര്യാപ്തതയിൽ എത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീൻ, ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, വനംവകുപ്പ് മന്ത്രി കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, കാർഷികോത്പാദന കമ്മീഷണർ ഡി.കെ. സിംഗ്, കൃഷി ഡയറക്ടർ ആൻറ് സെക്രട്ടറി ഡോ. രത്തൻ കേൽക്കർ, വിവിധ കർഷക സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS