ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി;ശൈഖ് മുഹമ്മദ് കേരളം സന്ദർശിക്കും

199

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സന്ദർശിച്ച് ചർച്ച നടത്തി. വെള്ളിയാഴ്ച രാത്രി ശൈഖ് മുഹമ്മദിന്റെ ദുബായിലെ സാബിൽ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. യു.എ.ഇ.യിലെ മലയാളികൾക്ക് നൽകുന്ന സ്നേഹത്തിന് നന്ദിപറഞ്ഞ മുഖ്യമന്ത്രി, ശൈഖ് മുഹമ്മദിനെ കേരളം സന്ദർശിക്കാൻ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച ശൈഖ് മുഹമ്മദ് താമസിയാതെ കേരളം സന്ദർശിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഉറപ്പുനൽകി. കേരളവും യു.എ.ഇ.യും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. യു.എ.ഇ.യിൽ എല്ലായിടത്തുമായി ആയിരക്കണക്കിന് മലയാളികളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ തന്റെ കൊട്ടാരത്തിൽ എല്ലാവരും മലയാളികളാണെന്നായിരുന്നു ശൈഖ് മുഹമ്മദിന്റെ മറുപടി.

കൂടിക്കാഴ്ചയിൽ ഉഭയകക്ഷിബന്ധം വർധിപ്പിക്കുന്നതുസംബന്ധിച്ച്‌ ചർച്ച നടത്തിയതായി ശൈഖ് മുഹമ്മദ് പിന്നീട് ട്വിറ്ററിൽ കുറിച്ചു. ആദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തുന്നത്.ഇന്ത്യൻ അംബാസഡർ നവദീപ് സിങ് സൂരി, ചീഫ് സെക്രട്ടറി ടോം ജോസ്, നോർക്ക വൈസ് ചെയർമാൻ എം.എ. യൂസഫലി, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അരമണിക്കൂറിലേറെ കൂടിക്കാഴ്ച നീണ്ടുനിന്നു. തന്റെ ആത്മകഥാംശമുള്ള പുതിയ കൃതിയായ ‘മൈസ്റ്റോറി’ എന്ന പുസ്തകവും ശൈഖ് മുഹമ്മദ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. യു.എ.ഇ. മന്ത്രി റീം അൽ ഹാഷ്മിയും ചർച്ചയിൽ സംബന്ധിച്ചിരുന്നു.

NO COMMENTS