ആര്‍ദ്രം മിഷന്‍ ജനകീയ ക്യാമ്പയിന്‍ ഉദ്ഘാടനം നവംബര്‍ 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

92

തിരുവനന്തപുരം : രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളി ലൊന്നായ ആര്‍ദ്രം മിഷന്‍ ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 18ന് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീയമായ പരിപാടികളോടെ ബഹുജനങ്ങളിലെ ത്തിക്കാനാണ് ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പയിന്‍ ആവിഷ്‌ക്കരിക്കുന്നുത്. തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും സഹകരണത്തോടെയാണ് വിപുലമായ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. പകര്‍ച്ചവ്യാധികള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കും എതിരായ ശക്തമായ മുന്നേറ്റമാകും ജനകീയ ക്യാമ്പയിനെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ പിന്തുടരുക, ആരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും വളര്‍ത്തിയെടുക്കുക, ഓരോ വ്യക്തിയുടേയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാക്കുക എന്നിവയാണ് ക്യാമ്ബയിന്റെ ലക്ഷ്യം. രോഗ പ്രതിരോധവും ആരോഗ്യ പ്രോത്സാഹനവും നല്ല ആരോഗ്യ ശീലങ്ങളും, ആരോഗ്യകരമായ ഭക്ഷണം, വ്യായാമവും പ്രവര്‍ത്തനങ്ങളും, മദ്യം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം അവയുടെ ആസക്തി ഇല്ലാതാക്കുക, ശുചിത്വവും മാലിന്യ നിര്‍മാര്‍ജനവും എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ജനകീയ കാമ്ബയിന്റെ ശരിയായ നടത്തിപ്പിന് നിലവിലെ ആര്‍ദ്രം മിഷന്റെ കമ്മിറ്റികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുതിയ ക്യാമ്ബയിന്‍ കമ്മിറ്റികള്‍ക്കും രൂപം നല്‍കി. സംസ്ഥാന തലത്തില്‍ ആര്‍ദ്രം മിഷന്റെ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷയായ ആരോഗ്യമന്ത്രി, ഉപാധ്യക്ഷന്‍മാരായ ധനകാര്യമന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി, ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി, ആദ്രം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മറ്റ് അംഗങ്ങള്‍ എന്നിവര്‍ ക്യാമ്ബയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യും.

വിവിധ തലത്തിലുള്ള വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും സംസ്ഥാന തലത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി ചെയര്‍പേഴ്‌സണും ധനകാര്യ വകുപ്പ് മന്ത്രി, തദ്ദേശഭരണ മന്ത്രി, ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി എന്നിവര്‍ സഹചെയര്‍മാന്‍മാരുമായ കമ്മിറ്റിയും രൂപീകരിച്ചു. ജലവിഭവ മന്ത്രി, പൊതുവിദ്യാഭ്യാസ മന്ത്രി, കൃഷി മന്ത്രി, നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, സംസ്ഥാനതല ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

ആര്‍ദ്രം ക്യാമ്ബയിന്റെ ജില്ലാതല സമിതിയും രൂപീകരിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഖ്യ രക്ഷാധികാരിയും ജില്ലയിലെ എല്ലാ എംപിമാരും എംഎല്‍എമാരും രക്ഷാധികാരികളുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍ മാനും ജില്ലാകളക്ടര്‍ സഹ ചെയര്‍മാനും ജില്ല മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ജോ. കണ്‍വീനറുമാണ്. തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍.

കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയില്‍ മേയര്‍, ചെയര്‍പേഴ്‌സണ്‍, പ്രസിഡന്റ്, തദ്ദേശ സ്ഥാപന പരിധിയിലെ ആശുപത്രി സൂപ്രണ്ട്, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍ ക്കൊള്ളുന്ന കാമ്ബയിന്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ജില്ലാ ആരോഗ്യദൗത്യവും ജില്ലാ ആര്‍ദ്രം ടാസ്‌ക് ഫോഴ്‌സും ജില്ലാ തലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. എംഎല്‍എമാര്‍ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.വാര്‍ഡ് തലത്തില്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികളായിരിക്കും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ജില്ലയില്‍ അതത് ക്യാമ്പയിനുകള്‍ ക്കായുള്ള തീമുകളും ആളുകളുടെ പങ്കാളിത്തവും ജില്ലാതലത്തില്‍ ഉറപ്പുവരുത്തും. സ്ഥാപന തലത്തില്‍ ആര്‍ദ്രം ജനകീയ ക്യാമ്ബയിനിലുള്ള കമ്മിറ്റിയായിരിക്കും പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കുക.

NO COMMENTS