ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപനം മുഖ്യമന്ത്രി നിർവ്വഹിക്കും

19

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എൻജിനിയറിങ് വിഭാഗം, നഗര-ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് നിലവിൽ വരുന്നത്.

ഏകീകൃത വകുപ്പിൽ ഫയലുകളിൽ തീരുമാനം വേഗത്തിൽ എടുക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിലുള്ള തട്ടുകളുടെ എണ്ണം പരമാവധി കുറയ്ക്കും. സർക്കാരിന്റെ നയപരമായ തീരുമാനവും സർക്കാരിൽ നിന്ന് സ്പഷ്ടീകരണം ആവശ്യമുള്ളതും പ്രത്യേക സാങ്കേതികാനുമതി ആവശ്യമുള്ളതുമായ ഫയലുകൾ ഒഴികെ ബാക്കിയെല്ലാത്തിലും തീരുമാനമെടുക്കുന്നതിന് മൂന്ന് തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനം മാത്രമേ ഉണ്ടാവൂ.

ഏകീകൃത വകുപ്പിന് റൂറൽ, അർബൻ, പ്ലാനിംഗ്, എൻജിനിയറിങ് എന്നീ നാലു വിഭാഗങ്ങൾ ഉണ്ടായിരിക്കും. റൂറൽ, അർബൻ വിഭാഗങ്ങളുടെ തലവന്മാര്‍ ഐ എ എസ് തസ്തികയിലുള്ള ഡയറക്ടർമാരാണ്. പ്ലാനിംഗ് വിഭാഗത്തിന്റെ തലവൻ ചീഫ് ടൗൺ പ്ലാനറും എൻജിനിയറിങ് വിഭാഗത്തിന്റെ തലവൻ ചീഫ് എൻജിനിയറുമായിരിക്കും. ലോക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് എൻജിനിയറിങ് എന്നായിരിക്കും ഈ വിഭാഗത്തിന്റെ പുതിയ പേര്. ചരിത്രപരമായ വകുപ്പ് ഏകീകരണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

NO COMMENTS