കോവിഡ് 19 ജില്ലയില്‍ 149 കോടി രൂപ കുടുംബശ്രീ അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ

185

ലോക്ക്ഡൗണ്‍ മൂലം ഉണ്ടാകുന്ന തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് വരുമാനം നിലച്ചുപോയ കുടുംബങ്ങളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ. കുടുംബശ്രീ അയല്‍ക്കൂട്ട വായ്പയായിട്ടാണ് പദ്ധതി നടപ്പിലാക്കുക. 2019 ഡിസംബര്‍ 31 ന് മുന്‍പായി രൂപീകരിച്ച അയല്‍ക്കൂട്ടങ്ങള്‍ക്കാണ് വായ്പ ലഭ്യമാവുക.
ജില്ലയില്‍ 149 കോടി രൂപ വായ്പ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

കൂടുതല്‍ വായ്പ ആവശ്യമുള്ളവര്‍ക്ക് സാധാരണ ലിങ്കേജ് വായ്പ ആവശ്യാനുസരണം എടുക്കാവുന്നതാണ്. പലിശ സബ്‌സിഡി 149 കോടി രൂപയ്ക് മാത്രമേ ലഭിക്കൂ. പ്രതിമാസ വരുമാന പരിധി പതിനായിരം രൂപയില്‍ താഴെയാകണം. നിലവില്‍ രണ്ടിലധികം വായ്പ ബാക്കി നില്‍ക്കരുത്. ചിട്ടയായ പ്രവര്‍ത്തനവും യഥാസമയം ഓഡിറ്റ് നടത്തുന്നതുമായ അയല്‍കൂട്ടങ്ങള്‍ക്ക് മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ.

ഒന്‍പത് ശതമാനം പലിശ നിരക്കില്‍ വായ്പ എടുക്കുന്ന അയല്‍കൂട്ടങ്ങള്‍ക്ക് പലിശതുക സര്‍ക്കാര്‍ വാര്‍ഷിക ഗഡുക്കളായി തിരികെ നല്‍കും. വായ്പ ആവശ്യമുള്ള അയല്‍ക്കൂട്ടങ്ങള്‍ തങ്ങളുടെ വായ്പാവശ്യം തിട്ടപ്പെടുത്തി എ ഡി എസ്സുകള്‍ വഴി അതത് സി ഡി എസ്സുകള്‍ക്ക് സമര്‍പിക്കണം. ഇവര്‍ അര്‍ഹത പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതും തുടര്‍ന്ന് കുടുംബശ്രീ ജില്ലാ മിഷനില്‍ അയക്കേണ്ടതുമാണ്. അനര്‍ഹരായവരെ ഏതു ഘട്ടത്തിലും ഒഴിവാക്കുന്നതാണ്.

ഒരാഴ്ചക്കുള്ളില്‍ സി ഡി എസ്സുകള്‍ വായ്പാവശ്യം തിട്ടപ്പെടുത്തേണ്ടതാണ്. തുടര്‍ന്ന് ഓരോ സി ഡി എസ്സിനും അര്‍ഹതപ്പെട്ട വായ്പാ പരിധി നിശ്ചയിച്ചു നല്‍കുന്നതും തങ്ങളുടെ നിലവില്‍ ഇടപാടുള്ള ബാങ്ക് വഴി വായ്പ എടുക്കാവുന്ന തുമാണെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ് അറിയിച്ചു.

NO COMMENTS