മികച്ച തൊഴിലിടങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് പുരസ്‌കാരം എട്ട് സ്ഥാപനങ്ങൾക്ക്

21

തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമ പാലനത്തിലും മികവ് പുലർത്തുന്ന മികച്ചതൊഴിലിടങ്ങൾക്ക് തൊഴിൽ വകുപ്പ് ഏർ പ്പെടുത്തി മുഖ്യമന്ത്രിയുടെ പ്രഥമ എക്‌സലൻസ് പുരസ്‌കാരം എട്ട് സ്ഥാപനങ്ങൾക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു.

ഭീമ ജൂവലറി, കോട്ടയം – (ജൂവലറി മേഖല), EMKE സിൽക്സ്, പാലക്കാട് (ടെക്‌സ്‌റ്റൈൽ), keys ഹോട്ടൽ, തിരുവനന്തപുരം – (ഹോട്ടൽ), Zuri Hotels and Resorts, കോട്ടയം (സ്റ്റാർ ഹോട്ടൽ), SAFE സോഫ്റ്റ്വെയർ & integrated solutions , പാലക്കാട് – (ഐ ടി)
NEXA Sarathy cars, കൊല്ലം – (ഓട്ടോമൊബൈൽ ഷോറൂം), DDRC SRL, തിരുവനന്തപുരം (മെഡിക്കൽ ലാബ്), ആലുക്കാസ് റിയൽറ്റേഴ്സ്, തൃശൂർ – (നിർമാണ മേഖല)എന്നീ സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ പ്രഥമ എക്‌സലൻസ് പുരസ്‌കാരം ഏറ്റുവാങ്ങി.

സംസ്ഥാനത്ത് മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പ് വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം തുടരണം എന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം സമർപ്പിക്കുകയുണ്ടായി. തൊഴിലാളികളുടെ ന•കളെയും പ്രകടനങ്ങളെയും ആദരിക്കുന്നതിനൊപ്പം തൊഴിൽ ദാതാക്കളുടെ മികവിനെയും നാം ആദരിച്ചേ പറ്റൂ. തൊഴിലിടങ്ങളിൽ തൊഴിലാളിയും തൊഴിൽ ദാതാവും പരസ്പര പൂരകങ്ങൾ ആണ്. ഒന്ന് നിലനിന്നാലേ മറ്റേതുംനിലനിൽക്കൂ.

കേരളത്തിലെ വ്യാപാര വാണിജ്യ വ്യവസായ സ്ഥാപനങ്ങളെ അവയുടെ വ്യത്യസ്ഥ തലങ്ങളിലുള്ള പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്യുന്നതിന് സർക്കാർ രൂപം നൽകിയ തൊഴിൽ നയത്തിൽ വിഭാവനം ചെയ്തിരുന്നു. മികച്ച തൊഴിൽ ദാതാവ്, സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ-വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളികളുടെ ക്ഷേമം, തൊഴിലിടങ്ങളിലെ സുരക്ഷ എന്നീ മാനദണ്ഡങ്ങളെ ആസ്പദമാക്കി ഓൺലൈൻ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്ക് വജ്ര, സുവർണ്ണ, രജത എന്നിങ്ങനെ ഗ്രേഡുകൾ ഉൾപ്പെടുത്തി നടപ്പിലാക്കിയിരുന്നു.

വജ്ര അവാർഡ് കരസ്ഥമാക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ലേബർ കമ്മീഷണറുടെ പ്രത്യേക പരിശോധനയിലൂടെ സ്ഥാപനങ്ങൾ തൊഴിലാളികൾക്കും സമൂഹത്തിനും നൽകി വരുന്ന നിയമപ്രകാരമുള്ളതിലും അധികമായുള്ള സേവനങ്ങൾ വിലയിരുത്തി ഓരോ മേഖലയിലേയും മികച്ച സ്ഥാപനത്തെ കണ്ടെത്തി മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് നൽകുന്നതാണെന്നും തീരുമാനിക്കപ്പെട്ടു. ഇത്തരത്തിലാണ് 8 സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ എക്‌സലൻസ് പുരസ്‌കാരത്തിന് അർഹരായത്.

ലേബർ കമ്മീഷണറുടെ പരിശോധനയിൽ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് സ്വന്തം നിലയിൽ നൽകി വരുന്ന ഇൻഷുറൻസ് പരിരക്ഷകൾ, മെഡിക്കൽ ലീവ്, മറ്റ് അധിക ആനുകൂല്യങ്ങൾ തുടങ്ങിയവയും സിഎംഡിആർഎഫ് സംഭാവനകൾ, വേതന സുരക്ഷാ പദ്ധതിയിലൂടെയുള്ള വേതന വിതരണം തുടങ്ങിയ ഘടകങ്ങളും മികച്ച സ്ഥാപനത്തെ കണ്ടെത്തുന്നതിന് പരിഗണിച്ചതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മികച്ച തൊഴിൽദായക- തൊഴിലാളി ബന്ധം ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അക്കാര്യം ഏവരും ഉൾക്കൊള്ളുമെന്ന് കരുതുന്നു.

ആരോഗ്യകരമായ തൊഴിലന്തരീക്ഷം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകും. ഇക്കാര്യത്തിൽ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു.

ഇതിനൊപ്പം മറ്റ് 85 സ്ഥാപനങ്ങൾ നേരത്തെ ഏർപ്പെടുത്തിയിട്ടുള്ള വജ്ര പുരസ്‌കാരവും 117 സ്ഥാപനങ്ങൾസുവർണ പുരസ്‌കാരവും ഏറ്റുവാങ്ങി. തിരുവനന്തപുരത്തു മഹാത്മാ അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു. മേയർ ആര്യ രാജേന്ദ്രൻ, തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മീഷണർ ഡോ എസ് ചിത്ര തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS