ബാലവേല നിരോധന നിയമം കർശനമായി നടപ്പാക്കണമെന്ന് കമ്മീഷൻ ചെയർമാൻ

88

ബാലവേല (നിരോധനവും നിയന്ത്രണവും) നിയമം കർശനമായി നടപ്പാക്കേണ്ടതുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ. 18 വയസ് വരെയുള്ള ഒരു കുട്ടിയും അപകടകരമായ തൊഴിൽമേഖല എന്നോ അപകടരഹിതമായ തൊഴിൽമേഖല എന്നോ വ്യത്യാസമില്ലാതെ തൊഴിൽ ചെയ്യാൻ പാടില്ല എന്ന നില കൈവരിക്കാൻ സാധിക്കണം. എങ്കിലേ ബാലവേല പൂർണമായും നിർമാർജനം ചെയ്യാൻ സാധിക്കുകയുള്ളൂ. നിലവിൽ നിയമമനുസരിച്ച് പിഴ അടച്ചാൽ ശിക്ഷ ഒഴിവാക്കി കിട്ടുന്ന ചില സാഹചര്യങ്ങളുണ്ട്. ആ അവസ്ഥ മാറണം, അദ്ദേഹം പറഞ്ഞു.

കേരളത്തെ ബാലവേല-ബാലവിവാഹ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച സംസ്ഥാനതല കൂടിയാലോചന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ സംബന്ധിച്ച പല കേന്ദ്ര നിയമങ്ങളിലും പുതുതായി കൊണ്ടുവരുന്ന ഭേദഗതികൾ ഗുണകരം എന്ന് പറയാൻ വയ്യെന്നും കമ്മീഷൻ ചെയർമാൻ അഭിപ്രായപ്പെട്ടു. നിയമത്തെ ദുർബലപ്പെടുത്തുന്ന നിലയ്ക്കാണ് പല ഭേദഗതികളും വരുന്നത്.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ബച്ച്പൻ ബച്ചാവോ ആന്തോളനും (ബി.ബി.എ) ചേർന്ന് സംഘടിപ്പിച്ച പരിപാടി വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ബാലാവകാശ കമ്മീഷൻ അംഗങ്ങളായ റെനി ആന്റണി, ശ്യാമളാദേവി പി.പി, സി വിജയകുമാർ, ബി ബബിത, ബി.ബി.എ സംസ്ഥാന കോർഡിനേറ്റർ പ്രശ്രീൻ കുന്നംപള്ളി, വനിതാ വികസന വകുപ്പ് ഡയറക്ടർ ജി പ്രിയങ്ക, പോലീസ്, ആർ.പി.എഫ്, പൊതുവിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY