ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി. തൊടുപുഴയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയാണ് അമ്മ ആത്മഹത്യാ ഭീഷണി മുഴക്കി രണ്ടാനച്ഛന്‍റെ ബന്ധുവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചതായ് പരാതിപ്പെട്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി പോലീസിനോട് ആവശ്യപ്പെട്ടു.
പതിനഞ്ചു വയസ്സിൽ താഴെമാത്രം പ്രായമുളള പെൺകുട്ടിയാണ് വനിതാ സെൽ എസ്ഐക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗത്തിനും മുമ്പാകെ പരാതി ഉന്നയിച്ചിരിക്കുന്നത്. അച്ഛൻ മരിച്ച മരിച്ച പെൺകുട്ടി അമ്മയുടെ ജോലിസ്ഥലമായ മലപ്പുറത്തായിരുന്നു താമസിച്ചിരുന്നത്. ദിവസങ്ങൾക്ക് മുമ്പ് അമ്മ ആത്മഹത്യാ ഭീഷണി മുഴക്കി രണ്ടാനച്ചന്ടെ ബന്ധുവിനെക്കൊണ്ടെ വിവാഹം കഴിപ്പിച്ചുവെന്നും, തൊടുപുഴയിലെ ഭർതൃവീട്ടിൽ കഴിയവെ കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ 27 കാരനായ ഭർത്താവ് വഴക്കുണ്ടാക്കിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
ഒരുതരത്തിൽ അവിടെ നിന്നു രക്ഷപെട്ട് സഹപാഠിയുടെ വീട്ടിലെത്തിയ ശേഷമായിരുന്നു വനിതാ സെല്ലിലേക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലേക്കും വിളിച്ച് പെൺകുട്ടി പരാതിപ്പെടുന്നത്. പരാതി കേട്ട വെൽഫെയർ കമ്മിറ്റി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോടാവശ്യപ്പെട്ടു. പെൺകുട്ടിയെ അഭയകേന്ദ്രത്തിലാക്കുകയും ചെയ്തു.
നിർബ്ബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെങ്കിലും ശാരീരികമായോ ലൈംഗീകമായോ പീഡിപ്പിച്ചിട്ടില്ലെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നത്. ഒമ്പതാം ക്ളാസ് വരെ പഠിച്ച പെൺകുട്ടിക്ക് പഠിക്കാനാണ് താൽപര്യമെന്നും പറയുന്നു. വിവാഹ നിശ്ചയമേ നടത്തിയിട്ടുളളുവെന്നും വിവാഹം നടന്നിട്ടില്ലെന്നുമാണ് പ്രാഥമിക വിവരങ്ങൾ. ഏതായാലും സംഭവത്തിൽ കേസെടുക്കാതെയാണ് അന്വേഷണം നടത്തുന്നത്.