ബാലാവകാശ സാക്ഷരത സമൂഹത്തിൽ അനിവാര്യം ; മന്ത്രി എം ബി രാജേഷ്

18

കുടുംബങ്ങൾക്കകത്തും സമൂഹത്തിലും കുട്ടികൾക്കെതിരെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സമൂഹത്തിൽ ബാലാവകാശ സാക്ഷരത അനിവാര്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ബാലാവകാശങ്ങൾ നിഷേധിക്ക പ്പെട്ട് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ചൂഷണങ്ങൾക്ക് കുട്ടികൾ വിധേയമാകുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ബാലസൗഹൃദ രക്ഷാകർതൃത്വം ഏകദിന പരിശീലനത്തിന്റെ സമാപന സമ്മേളനം ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹിക വികാസത്തിനനുസരിച്ച് കേരളത്തിൽ കുടുംബഘടന, ബന്ധം, കുട്ടികളോടുള്ള സമീപനം എന്നിവയിൽ മാറ്റം വന്നിട്ടുണ്ട്. കുട്ടികളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ കുട്ടികളുടെ അഭിപ്രായവും ആരായുന്ന ജനാധിപത്യ സമീപനം ആവശ്യ മാണ്. ജനാധിപത്യ വിരുദ്ധമായ അടിച്ചമർത്തലുകളുടെ ഇരകളായി കുട്ടികളെ മാറ്റാൻ പാടില്ല. കുട്ടികളെ വളർത്തുകയല്ല, വളരാനുള്ള സാഹചര്യമാണ് മാതാപിതാക്കൾ ഒരുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ അധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗം എൻ.സുനന്ദ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ജി.രമേഷ് ആശംസയും അർപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ സ്വാതി എസ് നന്ദി അർപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ചാണ് കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലന പരിപാടി കമ്മിഷൻ സംഘടിപ്പിച്ചത്. ഉത്തരവാദിത്തപൂർണ രക്ഷാകർതൃത്വം, കുട്ടികളുടെ അവകാശങ്ങൾ, ജീവിത നൈപുണ്യ വിദ്യാഭ്യാസം, കുട്ടികൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ ബാലാവകാശ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസണും തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ.അരുൺ ബി.നായരും ക്ലാസുകൾ നയിച്ചു.

കുട്ടികൾക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങൾ, ചൂഷണങ്ങൾ, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം എന്നിവ തടയുന്നതിനും കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനും സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണമായിരുന്നു പരിശീലന ലക്ഷ്യം. ജില്ലാതലത്തിൽ കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാർക്ക് പരിശീലനം നൽകി 2750 പേരുടെ റിസോഴ്സ് പേഴ്സൺ പൂൾ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ കുടുംബശ്രീയുടെ 150 റിസോഴ്സ് പേഴ്സൺമാർക്ക് ദ്വിദിന പരിശീലനം നൽകി സംസ്ഥാനതല റിസോഴ്സ് പേഴ്സൺ പൂൾ രൂപീകരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY