ബെയ്ജിങ്• പാക്ക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാനുള്ള ഇന്ത്യന്‍ നീക്കത്തെ വിമര്‍ശിച്ചും പാക്കിസ്ഥാനെ പിന്തുണച്ചും ചൈന രംഗത്ത്. ഉറിയിലെ കരസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന് പാക്കിസ്ഥാന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നതിന് തെളിവില്ലാത്ത സാഹചര്യത്തില്‍, അതിര്‍ത്തി അടയ്ക്കാനുള്ള ഇന്ത്യയുടെ നീക്കം ഉഭയകക്ഷി ബന്ധം വഷളാക്കാനേ ഉപകരിക്കൂവെന്ന് ചൈനീസ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ശീതയുദ്ധ മനോഭാവമാണ് ഈ തീരുമാനത്തിലൂടെ വെളിവാകുന്നതെന്നും ചൈനീസ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റവും ആക്രമണങ്ങളും വര്‍ധിച്ച പശ്ചാത്തലത്തില്‍, പാക്ക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാനുള്ള തീരുമാനം ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഇന്ത്യ പ്രഖ്യാപിച്ചത്.3323 കിലോമീറ്റര്‍ നീണ്ടു കിടക്കുന്നതാണ് ഇന്ത്യ-പാക്ക് അതിര്‍ത്തി. 2018 ഡിസംബറോടെ അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്നായിരുന്നു ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കാനും ഇന്ത്യ-പാക്ക് ബന്ധം കൂടുതല്‍ വഷളാക്കാനും മാത്രമേ ഉപകരിക്കൂവെന്ന് ചൈനീസ് വിദഗ്ധര്‍ വിലയിരുത്തി.
പാക്ക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം യുക്തിരഹിതമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇതു വലിയ രീതിയില്‍ ബാധിക്കുമെന്നും ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് അന്വേഷണം നടത്തുകയോ, പാക്കിസ്ഥാന് ആക്രമണത്തില്‍ പങ്കുള്ളതായി കണ്ടെത്തുകയോ ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് ഈ തീരുമാനം യാതൊരു യുക്തിയുമില്ലാത്തതാണ് – വിദഗ്ധരെ ഉദ്ധരിച്ച് ലേഖനം പറയുന്നു.