ന്യൂഡല്‍ഹി • ഇന്ത്യാ – പാക് സംഘര്‍ഷത്തില്‍ പാക്കിസ്ഥാനു നയതന്ത്ര പിന്തുണ നല്‍കുന്ന ചൈനയുടെ നിലപാടിന്റെ പശ്ചാത്തലത്തില്‍, ചൈനയില്‍ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ചൈനയുമായുള്ള വ്യാപാരക്കമ്മി ഗണ്യമായി വര്‍ധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇറക്കുമതി നിയന്ത്രിക്കാനുള്ള നീക്കത്തെ ഔദ്യോഗികമായി ന്യായീകരിക്കുന്നത്. ബ്രിക്സ് സമ്മേളനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ് ധന, വാണിജ്യമന്ത്രി വാങ് ഷോവനെ കേന്ദ്ര വാണിജ്യ സഹമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ത്യയുടെ നിലപാട് അറിയിച്ചിട്ടുണ്ട്.ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ യുഎന്നില്‍ പ്രമേയം കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമം ചൈന തടഞ്ഞതിനെത്തുടര്‍ന്നാണ് ചൈനയുമായുള്ള വ്യാപാര സഹകരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനായി ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ രാജ്യത്തെ ആഭ്യന്തര ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കാനാണു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു വാണിജ്യ സഹമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ചൈനയുമായുള്ള വാണിജ്യക്കമ്മി കുറയ്ക്കാനായി മറ്റു നടപടികളും പരിഗണനയിലുണ്ടെന്ന് നിര്‍മല സീതാരാമന്‍ വെളിപ്പെടുത്തി. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രധാന ഉല്‍പന്നങ്ങള്‍ മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതു പ്രോല്‍സാഹിപ്പിക്കാനും വാണിജ്യ മന്ത്രാലയത്തിനു പദ്ധതിയുണ്ട്. ചൈനയ്ക്കെതിരെ ആന്റി ഡംപിങ് നടപടികള്‍ കര്‍ശനമാക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. പരിഗണനയിലുള്ള 322 ആന്റി ഡംപിങ് കേസുകളില്‍ 177 എണ്ണവും ചൈനയ്ക്ക് എതിരെയാണ്.ചൈനയുമായുള്ള വ്യാപാരക്കമ്മി കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഏകദേശം 5300 കോടി ഡോളറായി വര്‍ധിച്ചത് ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മികച്ച ന്യായവുമാണ്. മുന്‍ വര്‍ഷം ഇരു രാജ്യങ്ങളുമായുള്ള 7000 കോടിയിലേറെ ഡോളറിന്റെ വ്യാപാരത്തില്‍ ചൈനയിലേക്കുള്ള കയറ്റുമതി 1000 കോടി ഡോളറിലും താഴെയാണ്. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ടെലികോം ഉല്‍പന്നങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, രാസവളം തുടങ്ങിയവ ഗണ്യമായി ഉല്‍പാദിപ്പിക്കാനാണു കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.
ചൈനയില്‍നിന്നുള്ള ഇറക്കുമതിയില്‍ ടെലികോം ഉല്‍പന്നങ്ങള്‍, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, രാസവളം, രാസവസ്തുക്കള്‍ തുടങ്ങിയവയാണു കൂടുതല്‍. ഇന്ത്യ ചൈനയിലേക്കു കയറ്റുമതി ചെയ്യുന്നത് ഇരുമ്ബ്, സ്റ്റീല്‍, തുകല്‍, അയിരുകള്‍, പ്ലാസ്റ്റിക്, പരുത്തി തുടങ്ങിയവയാണ്.