ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തണം : ഷി ജിന്‍പിങ്

209

ഗോവ: ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജിന്‍പിങ് ഇക്കാര്യം പറഞ്ഞത്. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ജിന്‍പിങ്.ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്നും ഇന്ത്യ-ചൈന ബന്ധത്തിന്റെ വ്യത്യസ്ത വശങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തെന്നും പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു. ഭീകരവാദമാണ് മോദി- ജിന്‍പിങ് ചര്‍ച്ചയില്‍ മുഖ്യവിഷയമായത്.ഇന്ത്യക്കും ചൈനയ്ക്കും വ്യത്യസ്ത നിലപാടുകള്‍ എടുക്കാന്‍ കഴിയുന്ന വിഷയമല്ല ഭീകരവാദമെന്ന് മോദി ചര്‍ച്ചയില്‍ പറഞ്ഞു. പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസറിനെതിരെ നിരോധനം ഏര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ നിലപാട് ചൈന അനുകൂലിക്കാത്ത സാഹചര്യത്തിലാണ് മോദിയുടെ പ്രസ്താവന.
ഇന്ത്യയുടെ എന്‍എസ്ജി അംഗത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയില്‍ വിഷയമായി. അംഗത്വം നേടാന്‍ ചൈനയുടെ സഹകരണം പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു. ഇക്കാര്യത്തില്‍ ചൈനയുമായി രണ്ടാംഘട്ട ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

NO COMMENTS

LEAVE A REPLY