ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്ന് ചൈന

201

ബെയ്ജിങ്: ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്ന് ചൈന. വിയന്നയില്‍ നടക്കുന്ന ആണവ വിതരണ രാജ്യങ്ങളുടെ യോഗത്തിന് മുന്നോടിയായാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ച എന്‍എസ്ജി രാജ്യങ്ങളുടെ സമ്ബൂര്‍ണയോഗം വിയന്നയില്‍ നടക്കുന്ന സാഹചര്യത്തില്‍ ചൈനയുടെ ഇതുവരെയുള്ള നിലപാടില്‍ ഒരുതരത്തിലുള്ള മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു. ഈ വിഷയത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി ചൈന ആശയവിനിമയം നടത്തിയതായും ലു വ്യക്തമാക്കി. 48 രാജ്യങ്ങള്‍ അംഗങ്ങളായുള്ള ആണവ വിതരണ ഗ്രൂപ്പില്‍, ചൈനയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം രാജ്യങ്ങളാണ് ഇന്ത്യയുടെ അംഗത്വത്തിനുള്ള ശ്രമങ്ങളെ എതിര്‍ക്കുന്നത്. ഇന്ത്യയെ എന്‍എസ്ജിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ മറ്റ് അംഗരാജ്യങ്ങള്‍ക്കിടയില്‍ അമേരിക്ക അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ അംഗത്വത്തിനായുള്ള ഇന്ത്യയുടെ അപേക്ഷ സ്വീകരിക്കുകയാണെങ്കില്‍ പാകിസ്താന്റെ അപേക്ഷയും പരിഗണിക്കേണ്ടി വരുമെന്നായിരുന്നു ചൈനയുടെ നിലപാട്. എന്‍എസ്ജി അംഗത്വം സംബന്ധിച്ച്‌ പാകിസ്താനുമായും ചൈന ചര്‍ച്ച നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY