ചൈന – ഭൂട്ടാൻ അതിർത്തിത്തർക്കത്തില്‍ ഇന്ത്യ ഇടപെടെണ്ടെന്നു ചൈന

169

ബെയ്ജിങ്: ചൈന – ഭൂട്ടാൻ അതിർത്തിത്തർക്കത്തില്‍ മൂന്നാമത് രാജ്യമായ ഇന്ത്യ ഇടപെടെണ്ടെന്നു ചൈന. ചൈന-ഭുട്ടാന്‍ പ്രശ്നം ഇരുരാജ്യങ്ങൾക്കിടയിൽ ഉള്ളതാണെന്നും ഇന്ത്യയ്ക്ക് അതിൽ ഒന്നും ചെയ്യാനാകില്ലെന്നും ചൈന വ്യക്തമാക്കി. ഇന്ത്യ മൂന്നാമതൊരു രാജ്യമാണ്. ചൈനയും ഭൂട്ടാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇരുവരും പരിഹരിക്കും. ചൈനീസ് വിദേശകാര്യ മന്ത്രാലയംവാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഭൂട്ടാന്റെ അധികാരപരിധിയിലുള്ള ദോക് ലാ മേഖലയിൽ ചൈനയുടെ റോഡ് നിർമാണത്തെ തടയാൻ ഇന്ത്യയും രംഗത്തിറങ്ങിയിരുന്നു. ഇതിനോടുള്ള എതിർപ്പു ശക്തമായ ഭാഷയിലാണു ചൈന അറിയിക്കുന്നത്. ഇന്ത്യ എത്രയും പെട്ടെന്നു സൈന്യത്തെ ഇവിടെനിന്നു പിൻവലിക്കണമെന്നാണു ചൈന ആവശ്യപ്പെടുന്നത്. ഭൂട്ടാന്റെ അതിർത്തി പ്രതിരോധിക്കാനെന്ന പേരിൽ ഇന്ത്യ വിഷയത്തിൽ ഇടപെടുന്നതു ചൈനയുടെ പരമാധികാരത്തെ ലംഘിക്കുന്ന നടപടിയാണ്. ഇതുമാത്രമല്ല, ഭൂട്ടാന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നു. ചൈനയും ഭൂട്ടാനും സൗഹൃദരാജ്യങ്ങളാണെന്നു വാർത്താക്കുറിപ്പിൽ അടിവരയിട്ടു പറയുന്നുണ്ട്. ഭൂട്ടാന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ചൈന എന്നും ബഹുമാനിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രദേശത്തു സമാധാനവും ശാന്തിയുമുണ്ട്. ഇരു രാജ്യങ്ങളുടെയും പ്രവർത്തനഫലമായാണിതു സാധ്യമായിരിക്കുന്നത്. കുറിപ്പില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു.

NO COMMENTS