വ്യാജ പാസ്പോര്‍ട്ട് നല്‍കിയത് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണെന്ന്‍ ഛോട്ടാരാജന്‍

218

ന്യൂഡല്‍ഹി: തനിക്ക് വ്യാജ പാസ്പോര്‍ട്ട് നല്‍കിയത് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണെന്നും തീവ്രവാദത്തിനെതിരേ പോരാടാന്‍ വേണ്ടിയായിരുന്നു ഇതെന്നും അധോലോക ഗുണ്ടാത്തലവന്‍ ഛോട്ടാരാജന്‍റെ വെളിപ്പെടുത്തല്‍. പതിനാറ് വര്‍ഷം മുന്പ് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്‍റെ ആള്‍ക്കാര്‍ ബാങ്കോക്കില്‍ വെച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കാലത്ത് മോഹന്‍കുമാര്‍ എന്ന പേരിലായിരുന്നു ഛോട്ടാരാജന് പാസ്പോര്‍ട്ട് കിട്ടിയത്.വ്യാജ പാസ്പോര്‍ട്ട് കേസില്‍ ബുധനാഴ്ച ഡല്‍ഹിയിലെ കോടതിയില്‍ നടന്ന വിചാരണയില്‍ തീഹാര്‍ജയിലില്‍ നിന്നുള്ള വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാജന്‍ ഇക്കാര്യം അറിയിച്ചത്. നിരപരാധികളായ ഇന്ത്യാക്കാരെ കൊന്നൊടുക്കുകയും രാജ്യം തകര്‍ക്കുകയും ചെയ്യുന്ന ഇന്ത്യവിരുദ്ധ സംഘങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ താനും പങ്കാളിയായിരുന്നെന്ന് രാജന്‍ പറഞ്ഞു.ദേശതാല്‍പ്പര്യം മാനിച്ച്‌ ഭീകരതയ്ക്കെതിരേ പേരാടാന്‍ തന്നെ സഹായിച്ചവരുടെ പേരുകള്‍ തനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പറഞ്ഞു.ഛോട്ടാരാജനും മൂന്ന് മുന്‍ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വ്യാജ പാസ്പോര്‍ട്ട് കേസിലായിരുന്നു രാജന്‍റെ മൊഴി രേഖപ്പെടുത്തിയത്. 25 വര്‍ഷം നീണ്ട തെരയലിന് ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയില്‍ വെച്ചാണ് ഛോട്ടാരാജന്‍ കുടുങ്ങിയത്. 1993 മുംബൈ സ്ഫോടനത്തില്‍ നിര്‍ണ്ണായക വിവരം നല്‍കിയത് താനാണെന്ന് മനസ്സിലാക്കിയതോടെയാണ് ദാവൂദ് പിന്നാലെ വന്നതെന്നും പറഞ്ഞു. 1993 ല്‍ 257 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തോടെയാണ് താന്‍ രാജ്യത്തെ ഛിദ്രശക്തികള്‍ക്കെതിരേ തിരിഞ്ഞതെന്നും രാജന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY