മുംബൈ : പത്രപ്രവര്‍ത്തകനായിരുന്ന ജോതിര്‍മയി ഡേ വധക്കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജനും മറ്റ് എട്ട് പ്രതികള്‍ക്കും മുംബയിലെ മഹാരാഷ്ട്രയിലെ മക്കോക്ക പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഛോട്ടാ രാജന്‍ 26 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുക ജേ ഡേയുടെ കുടുംബത്തിന് കൈമാറണം. കൊലപാതകത്തില്‍ ഛോട്ടാ രാജന്റെ പങ്കും ക്രിമിനല്‍ ഗൂഢാലോചനയും തെളിഞ്ഞതായി കോടതി കണ്ടെത്തി. കേസിലെ മറ്റുപ്രതികളായ ജോസഫ് പോള്‍സണ്‍, ജിഗ്ന വോറ എന്നിവരെ കുറ്റവിമുക്തരാക്കി. 2011 ജൂണ്‍ 11നാണ് ജോതിര്‍മയി ഡേ കൊല്ലപ്പെട്ടത്. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേര്‍ ജെ ഡേയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. മിഡ് ഡേ ദിനപത്രത്തിലെ ക്രൈം റിപ്പോര്‍ട്ടറായിരുന്ന അദ്ദേഹം ഛോട്ടാ രാജനെക്കുറിച്ചും ദാവൂദ് ഇബ്രാഹിനെക്കുറിച്ചും നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.