കാസര്‍കോട് ക്രിസ്മസ് ആഘോഷിച്ചത് ബേക്കല്‍ പുഷ്പ ഫല സസ്യമേളയോടൊപ്പം

209

കാസര്‍കോട് ബേക്കല്‍ കോട്ടയില്‍ 24ന് ആരംഭിച്ച പുഷ്പ ഫല സസ്യമേളയില്‍ വന്‍ ജനാവലി. കാര്‍ഷിക വകുപ്പി ന്റെ വിവിധ സ്റ്റാളുകളിലും വിവിധ നഴ്‌സറികള്‍ ഒരുക്കിയ പുഷ്പ ഫല മേളയിലും വലിയ ജനത്തിരക്കാണ് അനു ഭവപ്പെട്ടത്. കുടുംബാഗങ്ങളോടൊപ്പം ബേക്കലിലെത്തുന്നവര്‍ കൈ നിറയെ പൂക്കളുടേയും ഫലങ്ങളുടേയും കാര്‍ഷിക വിളകളുടേയുമെല്ലാം തൈകളും വളങ്ങളും വിത്തുകളും വാങ്ങി മടങ്ങുന്ന കാഴ്ച.

കൃഷിയിടങ്ങളിലെ മണ്ണിന്റെ സാമ്പിള്‍ കയ്യില്‍ കരുതിയെത്തിയവര്‍ മൊബൈല്‍ മണ്ണ് പരിശോധനാ ലാബിലെത്തി, ഗുണമേന്‍മയും, ആവശ്യമായ പരിചരണങ്ങളും അറിഞ്ഞ് മടങ്ങി. കുടുംബശ്രീ വിഭവങ്ങളുടെ രുചിയറിഞ്ഞും, ചെമ്പരത്തി ജ്യൂസ് കുടിച്ചും കുട്ടികള്‍ ഓടി നടന്നു. ബേക്കല്‍ ഫെസ്റ്റ് നിങ്ങള്‍ക്കായി ഒരുക്കിയ വിരുന്ന് ഇങ്ങനെ.

കൊതിപ്പിക്കുന്ന പൂക്കളും പഴങ്ങളും

പലതരം റോസ്, ജയിനിയ, കളാഞ്ചിയ, ജറേനിയം, കൊനിയന്‍ സിറ്റിയ, ഡാലിയ, ചെട്ടി, ചെമ്പരത്തി, ഓര്‍ക്കിഡ്, മെറിഗോള്‍ഡ് തുടങ്ങി വിവിധ തരം പൂക്കളും, വിവിധ തരം മാവുകള്‍, ചുവന്നു തുടുത്ത ചെമ്പരത്തിച്ചക്ക, രണ്ട് വര്‍ഷത്തിനുള്ളില്‍ ചക്കയുണ്ടാകുന്ന വിയറ്റ്‌നാം ആയുര്‍ ജാക്ക്, രുദ്രാക്ഷം, ലോങ്ല്‍ ഫ്രൂട്ട്, മരമുന്തിരി, സാന്തോള്‍ ഫ്രൂട്ട്, സ്‌ട്രോബറി, പേര, റമ്പൂട്ടാന്‍, ജാതിക്ക, റോസ് വരിക്ക എന്നിങ്ങനെ വിവിധ തരം പഴങ്ങളുടെ തൈകളും മേളയിലെത്തുന്നവര്‍ക്ക് സ്വന്തമാക്കാം.

സസ്യാരോഗ്യ ക്ലിനിക്ക്

കീടങ്ങളെ നേരിടാനുള്ള ജൈവീക രീതികളും, ആധുനിക സൗകര്യങ്ങളും വിവരിക്കുന്ന സസ്യാരോഗ്യ ക്ലിനിക്കും ഫെസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. സോളാര്‍ ട്രാപ്പ്, ഫിറമോണ്‍ ട്രാപ്പ്, എന്നീ രീതികള്‍ പരിചയപ്പെടുത്തുകയും അതിന്റെ വില്‍പനയും നടത്തുന്നു. ഗോമൂത്രം, ചാണകം, വേപ്പിന്‍സത്ത് എന്നിവ ചേര്‍ത്ത തികച്ചും ജൈവികമായ കീട നിയന്ത്രണ മരുന്നും, ഗ്രോ ബാഗും, ഗ്രോബാഗ് നിറയ്ക്കാന്‍ ആവശ്യമായ ചകിരിച്ചോറും ഇവിടെ ലഭിക്കുന്നു. വിത്ത്, വളം, ഗ്രോബാഗ് തുടങ്ങിയവ അടങ്ങിയ അടുക്കളകൃഷിയ്ക്ക് ആവശ്യമായ കിറ്റും ഇവിടെ ലഭിക്കും.

പഴമയുടെ മണമുള്ള നെല്‍ വിത്തുകള്‍, പണി ആയുധങ്ങള്‍

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ നേതൃത്വത്തില്‍ നാടന്‍ വിത്തിനങ്ങള്‍-നാട്ടറിവ് പ്രദര്‍ശന ശാല ഒരുക്കി. പോയ കാലത്തിന്റെ അവശേഷിപ്പുകളായ 67 വ്യത്യസ്ത നെല്‍ വിത്തിനങ്ങളും, 80 ഇനം പയര്‍ വിത്തുകളുമാണ് ഇവര്‍ കാഴ്ചക്കാര്‍്ക്കായി ഒരുക്കിയത്. പൊന്നാര്യനും ബസുമതിയും കയമയും കാഴ്ചക്കാരില്‍ കൗതുക മുണര്‍ത്തി. പഴയ തറവാടുകളില്‍ പണ്ട് കാലത്ത് വിത്തുകള്‍ സൂക്ഷിച്ചിരുന്ന വിത്തുപൊതികളും പ്രദര്‍ശനത്തിലുണ്ട്. ഒരു ഏക്കര്‍ കൃഷി ചെയ്യാന്‍ ആവശ്യമായ നെല്‍ വിത്ത് ഒരു വര്‍ഷത്തോളം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന ഗ്രാമീണ രീതിയാണ് വിത്തുപൊതി. കാഞ്ഞങ്ങാട് ബ്ലോക്ക് അഗ്രോ സര്‍വ്വീസ് സെന്ററിന്റെ നേതൃത്വത്തില്‍ പണി ആയുധങ്ങള്‍, വീട്ടുപകരണങ്ങള്‍, ഗ്രന്ഥങ്ങള്‍ തുടങ്ങിയ വിവിധ വസ്തുക്കള്‍ പ്രദര്‍ശനത്തിന് ഒരുക്കിയത് കൗതുകമായി.

ഇതോടൊപ്പം നീലേശ്വരം ബ്ലോക്കിന്റെ കൂണ്‍ വിത്ത് ഉത്പാദന കേന്ദ്രത്തിന്റെ കൂണ്‍കൃഷി സംബന്ധിച്ച പ്രദര്‍ശനവും മേളയിലെ ആകര്‍ഷണമാണ്. കാറഡുക്ക ബ്ലോക്കിന്റെ സ്റ്റാളില്‍ പാളയില്‍ നിര്‍മ്മിച്ച ചിത്രങ്ങളും, പാളയില്‍ നിര്‍മ്മിച്ച വിവിധ തൊപ്പികളും മേളയിലെ ആകര്‍ഷണമാണ്. പരപ്പ ബ്ലോക്കില്‍ പരീക്ഷിച്ച് വിജയിച്ച പ്രൊജക്ടിന്റെ മാതൃകാ പ്രദര്‍ശനവും, ഒരു മികച്ച കര്‍ഷകന്റെ കൃഷി, ഗ്യാസ്പ്ലാന്റ്, ഗോ ശാല, ആടിന്‍കൂട് എന്നിവയടങ്ങിയ വീടിന്റെ മാതൃകയും പ്രദര്‍ശനത്തിലുണ്ട്. മണ്ണ് സംരക്ഷണത്തിന്റെ മാതൃകയും പ്രളയാനന്തര കേരള ജനതയ്ക്ക് ഉപകരിക്കും.

സഞ്ചരിക്കുന്ന മൊബൈല്‍ മണ്ണ് പരിശോധനാ കേന്ദ്രം

ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മണ്ണ് പരിശോധനാ കേന്ദ്രം ബേക്കല്‍ ഫെസ്റ്റിലെ മികച്ച ആകര്‍ഷണമാണ്. കയ്യില്‍ മണ്ണ് കരുതിയെത്തുന്ന കര്‍ഷകര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഇവിടെ നിന്ന് നല്‍കുന്നുണ്ട്. മണല്‍ ശേഖരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍, കൃഷി സ്ഥലത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന മണ്ണിന്റെ സാമ്പിളുമായി ഇവിടെ എത്തുന്നവര്‍ക്ക് ഞൊടിയിടയില്‍ തികച്ചും സൗജന്യമായി ഗുണ നിലവാരവും, ആവശ്യമായ പരിചരണ രീതികളും അടങ്ങിയ എഴുത്ത് ലഭിക്കുന്നു. പാട വരമ്പിനോട് ചേര്‍ന്ന മണ്ണ്, അടുത്തിടെ വളപ്രയോഗം നടത്തിയ മണ്ണ്,മരങ്ങളുടെ തായ്ത്തടിക്ക് സമീപമുള്ള മണ്ണ്, കൃഷിയോഗ്യമല്ലാത്ത മണ്ണ് എന്നിവ ഇവിടെ സ്വീകരിക്കുന്നതല്ല. തുടര്‍ച്ചയായി വിളയിറക്കുന്ന ഇടങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണ് സാമ്പിളുകളാണ് ഉത്തമം.

സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഉടന്‍ തന്നെ പരിശോധനയ്ക്ക് എത്തിക്കുക. നല്‍കുന്ന സാനിളിനൊപ്പം കര്‍ഷകന്റെ പേരും വിവരങ്ങളും (വില്ലേജ്, ബ്ലോക്ക്, ജില്ല), സാമ്പിള്‍ എടുത്ത തീയ്യതി, കൃഷി സ്ഥലത്തിന്റെ സര്‍വ്വേ നമ്പര്‍, വിസ്തീര്‍ണ്ണം, മുന്‍പ് കൃഷി ചെയ്ത് വിളയുടെ വളപ്രയോഗം, നിര്‍ദ്ദേശം വേണ്ട കൃഷി ഇനം, സ്ഥലത്തിന്റെ കിടപ്പ്, മണ്ണിന്റെ ഇനം, ജലസേചന സൗകര്യം, മറ്റ് വിവരങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്തണം. മണ്ണിന്റെ അമ്ലത, ക്ഷാരം, ലവണങ്ങളുടെ അളവ്, ദ്വിതീയ മൂലകങ്ങള്‍, സൂഷ്മ മൂലകങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് കര്‍ഷകന് ലഭിക്കുക. ആവശ്യത്തില്‍ കുറവോ അധികമോ ആയാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളും ഇവിടെനിന്ന് ലഭിക്കുന്നു.

കുടുംബശ്രീയും സജീവം

നാടിന്റെ തനത് ഭക്ഷണങ്ങള്‍ മേളയിലെത്തുന്നവര്‍ക്ക് നല്‍കി കുടുംബശ്രീയും സജീവമാണ്. ചെമ്പരത്തിയിലയും തുളസിയും നാരങ്ങാനീരും ചേര്‍ത്ത ചെമ്പരത്തി ജ്യൂസിന് ആരാധകരേറെയാണ്. മേളയോടൊപ്പം ഒരുക്കിയ മത്സരങ്ങളിലും വിവിധ പരിപാടികളിലും പങ്കെടുക്കാനെത്തുന്നവരും ആസ്വാദകരുമെല്ലാം കുടുംബശ്രീ രുചി അറിയുന്നുണ്ട്. കഞ്ഞി, കപ്പ പുഴുക്ക്, കാസര്‍കോടിന്റെ സ്വന്തം പലഹാരങ്ങള്‍, സര്‍ബത്ത്, ജ്യൂസ് തുടങ്ങിയവ ഈ സ്റ്റാളുകളില്‍ സുലഭമാണ്. മേള ജനുവരി ഒന്നിന് അവസാനിക്കും.

ഓലമെടയല്‍ മത്സരം; ഇവര്‍ വിജയികള്‍

ബേക്കല്‍ പുഷ്പ ഫല സസ്യ പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓലമെടയല്‍ മത്സരത്തില്‍ മടിക്കൈ പഞ്ചായത്തിലെ ടി.വി രാജശ്രീ ഒന്നാം സ്ഥാനം നേടി. ഉദുമ പഞ്ചായത്തിലെ കാര്‍ത്ത്യായനി രണ്ടും ചെമ്മനാട് പഞ്ചായത്തിലെ വസന്തകുമാരി മൂന്നും സ്ഥാനം നേടി. മത്സരത്തില്‍ പതിനാല് പേര്‍ പങ്കെടുത്തു. ഏറ്റവും ആദ്യം മികച്ച രീതിയില്‍ പകുതി ഓല മെടഞ്ഞു തീര്‍ക്കുക എന്നതായിരുന്നു, മത്സരത്തിന്റെ മാനദണ്ഡം.

NO COMMENTS