ക്രിസ്തുമസ്-പുതുവത്സര സീസണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഉത്സവ സീസണുമായി ബന്ധപ്പെട്ട് കൂടുതൽ വിൽപ്പനയുള്ള കേക്ക്, വൈൻ, മറ്റ് ബേക്കറി സാധനങ്ങൾ എന്നിവ നിർമ്മിയ്ക്കുന്ന നിർമ്മാണ യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ച് ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ പരിശോധനയും നടത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷാ ലൈസൻസില്ലാതെ പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾ നിർത്തിവയ്പ്പിച്ച് നിയമ നടപടികൾ സ്വീകരിയ്ക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1514 സ്ഥാപനങ്ങൾ പരിശോധിയ്ക്കുകയും ലൈസൻസില്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ചിരുന്ന 8 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി നിർത്തിവയ്പ്പിക്കുകയും ചെയ്തു. ചെറിയ ന്യൂനതകൾ കണ്ടെത്തിയ 171 സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിന് നോട്ടീസ് നൽകുകയും വലിയ നൂനതകൾ കണ്ടെത്തിയ 97 സ്ഥാപനങ്ങൾക്ക് ഫൈൻ അടയ്ക്കുന്നതിന് നോട്ടീസ് നൽകുകയും ചെയ്തു.
പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 260 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ഗവൺമെന്റ് അനലിറ്റിക്കൽ ലാബുകളിലേയ്ക്ക് അയച്ചു. റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിയ്ക്കും.