ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആത്മാവിനെ കീറിമുറിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നമ്മള് മൗനം പാലിച്ചാല്‍ രാജ്യം ഭിന്നിക്കുമെന്നും സോണിയ പറഞ്ഞു. ഡല്‍ഹി രാം ലീല മൈതാനത്ത് പൗരത്വ നിയമത്തിനെതിരായ കോണ്‍ഗ്രസിന്റെ ഭാരത് ബച്ചാവോ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നിങ്ങള്‍ ആര്‍ക്കൊപ്പമാണ്, ഏതുഭാഗത്താണ് എന്ന് തീരുമാനിക്കേണ്ട ഒരു ദിവസം ജീവിതത്തില്‍ ഓരോ വ്യക്തിക്കും സമൂഹത്തിനും രാഷ്ട്രത്തിനും ഉണ്ടാകും. ഇന്ന് അത്തരമൊരു ദിവസമാണ്. നമ്മള് ഏതു ഭാഗത്താണെന്ന് തീരുമാനിക്കേണ്ടുന്ന ദിവസം. രാജ്യത്തെ രക്ഷിക്കാന്‍ ശക്തമായി പോരാടേണ്ടതുണ്ടെന്നും സോണിയ പറഞ്ഞു.
മോദി-ഷാ സര്‍ക്കാരിനോട് പറയുകയാണ്, ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാന്‍ എന്ത് ത്യാഗത്തിനും തങ്ങള്‍ തയാറാണ്. അനീതി സഹിക്കുക എന്നാല്‍ ഏറ്റവും വലിയ കുറ്റകൃത്യമാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ അവസ്ഥ കാണുമ്ബോള്‍ ദുഖം തോന്നുന്നു. അവരുടെ പ്രശ്നങ്ങള്‍ വര്‍ധിക്കുകയും ജീവിക്കാന്‍ പ്രയാസമായിത്തീരുകയും ചെയ്തിരിക്കുന്നു. തൊഴിലാളികള്‍ ശൈത്യമോ വേനലോ മഴയോ കണക്കിലെടുക്കാതെ രാവും പകലും അധ്വാനിക്കുന്നു. എന്നിട്ടും അവര്‍ക്ക് വേണ്ടുന്ന ഭക്ഷണം ലഭിക്കുന്നില്ല. അവരുടെ ജീവിതം മാറ്റാന്‍ നാം പോരാടണമെന്നും സോണിയ ആഹ്വാനം ചെയ്തു.