വാഷിംഗ്ടണ്‍ ഡിസി: പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിംകളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് പ്രതിനിധിസഭയിലെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. പൗരത്വ ഭേദഗതി മുസ്ലിംകളുടെ സാമൂഹിക പദവിയെ ബാധിക്കുമെന്നും സ്വതന്ത്ര ഗവേഷണ വിഭാഗമായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) റിപ്പോര്‍ട്ടില്‍ പറയുന്നു.
പൗരത്വ നിയമം മുസ്ലിംകളെ ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണു യുഎസ് പാര്‍ലമെന്റിന്റെ റിപ്പോര്‍ട്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നതെന്നും സിആര്‍എസ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ഡിസംബര്‍ 18നാണ് സിആര്‍എസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പൗരത്വ നിയമത്തിനെതിരെ ഐക്യരാഷ്ട്ര സഭയും നേരത്തെ രംഗത്തെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതി മുസ്ലിംകള്ക്ക് എതിരെയുള്ള വിവേചനമാണ്. പൗരത്വം നല്കുന്നതില് നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് പുനര്പരിശോധിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടിരുന്നു. വിഷയം അന്തര്‍ദേശീയ ശ്രദ്ധ നേടിയതിനാല്‍ വിശദീകരണം നല്കാന് ഇന്ത്യ നിര്‍ബന്ധിതമാകും.
അതേസമയം, നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം തുടരുകയാണ്. ജാമിയ മിലിയ വിദ്യാര്‍ഥികളുടെ ഉപരോധസമരം കണക്കിലെടുത്ത് ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 21 ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണവും പോലീസ് ഏര്‍പ്പെടുത്തി.