തിരുവനന്തപുരം: സിറ്റി ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുകുമാറിനോട് കാണുന്നവരെല്ലാം ചോദിക്കുന്ന ചോദ്യമാണിത്. പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിക്കടുത്തെ ഇടറോഡില്‍ വഴിചോദിക്കാനെന്ന വ്യാജേന വൃദ്ധയ്ക്കടുത്തെത്തി മാലപൊട്ടിച്ച് സ്കൂട്ടറില്‍ കടന്ന മോഷ്ടാവ് സജീവിനെ (33) മണിക്കൂറുകള്‍ക്കകം കുടുക്കിയതാണ് ബിജുവിനെ പ്രശസ്തനാക്കിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ മാലപൊട്ടിക്കല്‍ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്
സജീവിനെ, കഷ്ടിച്ച് അഞ്ചരയടി പൊക്കമുള്ള മെലിഞ്ഞ ബിജു എങ്ങനെയാണ് കീഴടക്കിയത്? പൊലീസിലെ സഹപ്രവര്‍ത്തകരും റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളുമെല്ലാം ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരം, ഇന്നലെ സിറ്റി പൊലീസിന്റെ ആദരം കമ്മിഷണറില്‍ നിന്ന് സ്വീകരിച്ചശേഷം ബിജുകുമാര്‍ വെളിപ്പെടുത്തി. അത് ഇങ്ങനെ: പൂജപ്പുരയില്‍ നിന്ന് മൂന്ന് പവന്റെ മാല മോഷ്ടിച്ച് സജീവ് സ്കൂട്ടറില്‍ നേരെയെത്തിയത് കനകക്കുന്നിലേക്ക്.
പാര്‍ക്കിംഗ് ഏരിയയില്‍ സ്കൂട്ടര്വച്ചു. ഇതിനകം മോഷണത്തിന്റെ സി.സി ടിവി ദൃശ്യം ട്രാഫിക് പൊലീസ് കണ്ടെടുക്കുകയും, സ്കൂട്ടറിന്റെ നമ്ബര്‍ സഹിതം വയര്‍ലെസ് സന്ദേശം എല്ലായിടത്തേക്കും കൈമാറുകയും ചെയ്തിരുന്നു. ആ സമയത്ത് മ്യൂസിയം സ്റ്റേഷന് പരിസരത്ത് ട്രാഫിക് നിയന്ത്റിച്ചിരുന്ന ബിജുകുമാറിനും സ്കൂട്ടറിന്റെ നമ്ബര്‍ കിട്ടി. ഒരു കൗതുകത്തിന് കനകക്കുന്ന് പാര്‍ക്കിംഗ് ഏരിയയില്‍ തെരഞ്ഞു. കണ്ണുതള്ളിപ്പോയി, അതേ നമ്ബരിലുള്ള സ്കൂട്ടര്‍ മുന്നിലിരിക്കുന്നു. ആളെ കണ്ടെത്താന്‍ അവിടെ കാത്തു നിന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ സജീവ് സ്കൂട്ടറിനടുത്തെത്തി. ആജാനബാഹുവായ സജീവിനെ കണ്ടപ്പോഴേ ബിജുകുമാറിന് മനസിലായി, താന്‍ ഒറ്റയ്ക്ക്, ബലം പ്രയോഗിച്ച് പിടികൂടാനാവില്ല പ്രതി രക്ഷപ്പെടാനേ അത് ഇടയാക്കൂ. സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസിനെ വിളിച്ചുവരുത്തുമ്ബോഴേക്കും പ്രതി കടന്നുകളയാനിടയുണ്ട്. അതുകൊണ്ട് അയാളെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് തൊട്ടടുത്തുള്ള മ്യൂസിയം സ്റ്റേഷനിലെത്തിക്കാനായി ശ്രമം. ബിജുകുമാര്‍ തന്ത്രത്തില്‍ സജീവിനടുത്തെത്തി, സ്കൂട്ടര്‍ നോ പാര്‍ക്കിംഗ് ഏരിയയിലാണെന്നും സ്റ്റേഷനിലെത്തി പിഴ അടച്ചിട്ട് പോകണമെന്നും പറഞ്ഞു.
ഭാവഭേദമില്ലാതെയുള്ള ആ വിളിയില്‍ സജീവ് വീണു. തന്ത്രത്തില്‍ സജീവിനെ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിയതോടെ മറ്റ് പൊലീസുകാരോട് വിവരം പറഞ്ഞു. എല്ലാവരും വളഞ്ഞതോടെ സജീവിന് ഓടാന്‍ പോലും സാധിച്ചില്ല. അതോടെ മൂന്ന് കേസുകള്‍ക്ക് തുമ്ബായി.
കള്ളനെ മണിക്കൂറുകള്‍ക്കകം പിടികൂടിയ സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ശരത്ചന്ദ്രന്, ബിജുകുമാര്‍ എന്നിവര്‍ക്ക് പ്രശംസാ പത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും. സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രനാണ് ഇരുവരെയും ഇന്നലെ എ.ആര് ക്യാമ്ബിലെ ജനമൈത്രി യോഗത്തില്‍ അനുമോദിച്ചത്.